Kerala NewsPolitics

രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫിയുടെ നോമിനി തന്നെ , തീരുമാനം എടുത്ത ശേഷം വിവാദങ്ങളില്‍ കഴമ്പില്ല; കെ സുധാകരൻ

Keralanewz.com

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനി തന്നെയെന്ന് സമ്മതിച്ച്‌ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.. ‘ഷാഫിയുടെ നിർദേശം പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത്. വടകരയില്‍ ഷാഫിയെ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച്‌ പാലക്കാട് ഡിസിസിയില്‍ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളുണ്ടാക്കുന്നതിൽ അർത്ഥമില്ലെന്നും സുധാകരൻ പറഞ്ഞു.

ഷാഫി നിർദേശിച്ച് സ്ഥാനാർത്ഥിയാണ് രാഹുലെന്ന് ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് പരസ്യമായി പറയുന്നത്.

കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹെെക്കമാന്റിന് അയച്ച കത്ത് പുറത്തായത് പാർട്ടി അന്വേഷിക്കും. കത്ത് ഡിസിസി അയച്ചത് തന്നെയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി ഓഫീസില്‍ നിന്നാണോ കത്ത് പോയതെന്ന് പാർട്ടി അന്വേഷണം നടത്തും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെയായിരുന്നുവെന്നുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ എഐസിസിക്ക് അയച്ച കത്തും ഇന്നലെ പുറത്തുവന്നിരുന്നു. രണ്ടുപേജുള്ള കത്തിന്റെ ഒരുഭാഗമാണ് പുറത്തുവന്നത്. ബിജെപിയെ തോല്‍പ്പിക്കാൻ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നാണ് കത്തില്‍ പറയുന്നു. ഡിസിസി ഭാരവാഹികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഇതെന്നും കത്തില്‍ പറയുന്നുണ്ട്. പുറത്തുവന്ന കത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്ല.

കത്ത് പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണ് പാർട്ടിയിൽ ഉയർന്നുവന്നിരിക്കുന്നത്.
ഈ വിവാദങ്ങൾ പാലക്കാട് തിരഞ്ഞെടുപ്പിനെ ഏതു വിധത്തിൽ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Facebook Comments Box