Kerala News

ഭാരത് ജോഡോ യാത്ര: 2000 ചോദിച്ചു, 500 കൊടുത്തു, സംഭാവന പോരെന്ന് പറഞ്ഞ് കടയില്‍ കയറി ആക്രമണമെന്ന് പരാതി

Keralanewz.com

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് സംഭാവന നല്‍കിയില്ലെന്ന പേരില്‍ കൊല്ലത്ത് കടയില്‍ കയറി ആക്രമിച്ചെന്ന് പരാതി. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്റെ കടയിലാണ് അക്രമം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് സാധനങ്ങള്‍ വലിച്ചെറിഞ്ഞതെന്നും അനസ് പറഞ്ഞു


ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പിരിവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നല്‍കി. ഇന്നലെ പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കാനാവൂ എന്ന് അനസ് പറഞ്ഞു. രണ്ടായിരം തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ തര്‍ക്കമായി

കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവര്‍ അടിച്ചു തകര്‍ത്തുവെന്നാണ് കടയുടമയുടെ ആരോപണം.
സംഭവത്തില്‍ കടയുടമകള്‍ കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കി. അതേസമയം സാധനങ്ങള്‍ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാന്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് നല്‍കുന്ന മറുപടി


അതേസമയം ഭാരത് ജോഡോ യാത്രക്ക് പുറമെ അടുത്ത യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം മുതല്‍ കിഴക്കേയറ്റം വരെയാണ് പദയാത്ര നടത്തുക. അടുത്ത വര്‍ഷം ആദ്യം യാത്ര തുടങ്ങുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള 150 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് അരുണാചല്‍ പ്രദേശ് വരെയാണ് യാത്ര നടത്തുക. അടുത്ത വര്‍ഷം ആദ്യമായിരിക്കും യാത്ര

Facebook Comments Box