‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്….’; തലശ്ശേരിയിലെ മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ മികച്ച സന്ദേശം, പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി
കണ്ണൂർ : പരീക്ഷയുടെ ഉത്തരക്കടലാസില്‍ മൂന്നാംക്ലാസുകാരന്‍ എഴുതിയ വലിയ ജീവിതപാഠം പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പരീക്ഷയിലെ ചോദ്യത്തിന് വിദ്യാര്‍ഥി നല്‍കിയ ഒരേസമയം കൗതുകമുണര്‍ത്തുന്നതും ചിന്തോദ്ദീപകവുമായ ഉത്തരമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് അഹാന്‍ അനൂപ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.
‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്. തലശ്ശേരി ഒ. ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഹാന്‍ അനൂപ് എന്നാണ് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്നുകൂടെ അഹാന്‍ ചേര്‍ത്തത്.
ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്…’. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങള്‍. അഹാന്‍ അനൂപ്, തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂള്‍. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്’, എന്നായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.