വയനാട്ടില്‍ കോണ്‍ഗ്രസ് വീണ്ടും കുരുക്കില്‍: ജീവനൊടുക്കിയ നേതാവിന്റെ മരുമകള്‍ കൈഞരമ്ബ് മുറിച്ചു, കോണ്‍. പഞ്ചായത്ത് അംഗത്തിന്റെ അവസാന വീഡിയോയും പുറത്ത്
സുൽത്താൻ ബത്തേരി: ആത്മഹത്യചെയ്‌ത വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ പുത്രഭാര്യ പത്മജയെ കൈഞരമ്ബ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ പുല്‍പ്പള്ളിയിലെ വീട്ടിലാണ് പത്മജ ആത്മഹത്യക്കു ശ്രമിച്ചത്. കുടുംബത്തെ സഹായിക്കാമെന്നു പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നു കഴിഞ്ഞ വെള്ളിയാഴ്‌ച പത്മജ ആരോപിച്ചിരുന്നു.
ടി. സിദ്ദിഖ് എം.എല്‍.എ. ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ പറഞ്ഞ പണം തരാതെ പറ്റിച്ചെന്നാണ് പത്മജ ആരോപിച്ചത്. ഭര്‍ത്താവ് ആശുപത്രിയിലായപ്പോള്‍ ബില്‍ അടയ്‌ക്കാമെന്നു സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍, പണം തന്നില്ല. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല. പാര്‍ട്ടി വാഗ്‌ദാനം ചെയ്‌ത തുക കഴിഞ്ഞ ജൂണ്‍ 30-നകം നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍, കരാര്‍ എഴുതിയതിന്റെ അടുത്തദിവസംതന്നെ എം.എല്‍.എയുടെ പി.എ. അത് വാങ്ങിക്കൊണ്ടുപോയി.
കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫിന് പഠിക്കാനാണ് കരാര്‍ കൊണ്ടുപോയതെന്നാണ് സിദ്ദിഖ് പറഞ്ഞത്. കള്ളന്‍മാര്‍ വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസിനെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നുമായിരുന്നു പത്മജയുടെ ആരോപണം.
കഴിഞ്ഞ ഡിസംബര്‍ 25-നാണ് എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും വിഷംകഴിച്ച് ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. അതിനുശേഷം പുറത്തുവന്ന ആത്മഹത്യാക്കുറിപ്പും അനുബന്ധതെളിവുകളുമാണു കോണ്‍ഗ്രസ് നേതൃത്വത്തിനു കുരുക്കായത്.
കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ അവസാന വീഡിയോയും പുറത്ത്
പുല്‍പ്പള്ളി: എന്‍.എം. വിജയന്റെ മരുമകളുടെ ആത്മഹത്യാശ്രമത്തിനു പുറമേ, മുള്ളന്‍കൊല്ലിയില്‍ ആത്മഹത്യചെയ്‌ത കോണ്‍ഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ അവസാന വീഡിയോ പുറത്തുവന്നതും നേതൃത്വത്തെ വെട്ടിലാക്കി. ആത്മഹത്യക്കു മുമ്ബ് ജോസ് ഒരു പ്രാദേശികമാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി നല്‍കിയ പ്രതികരണമാണ് പുറത്തുവന്നത്. പാര്‍ട്ടിയില്‍ ഒരുവിഭാഗം തന്റെ രക്‌തത്തിനായി കൊതിച്ചെന്നും പ്രതിസന്ധിയില്‍ നേതാക്കള്‍ കൈവിട്ടെന്നും വീഡിയോയില്‍ ജോസ് പറയുന്നു.
താന്‍ അഴിമതിക്കാരനാണെന്നു ചിലര്‍ പ്രചരിപ്പിച്ചു. അനര്‍ഹമായി യാതൊന്നും കൈപ്പറ്റിയിട്ടില്ല. തങ്കച്ചന്റെ വീട്ടില്‍ തോട്ടയും മദ്യവും വച്ചിട്ടുണ്ടെന്ന് തെറ്റായ വിവരമാണ് തനിക്ക് ലഭിച്ചത്. അത് പോലീസിനെ അറിയിച്ചിരുന്നു. മുമ്ബും ഇത്തരത്തില്‍ പല വിവരങ്ങളും പോലീസിനു നല്‍കിയിട്ടുണ്ട്. യാഥാര്‍ത്ഥ്യം അന്വേഷിച്ച് കേസെടുക്കുകയായിരുന്നു പോലീസ് ചെയ്യേണ്ടിയിരുന്നത്. സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ വലിയ പ്രചാരണമാണ് നടക്കുന്നത്. അത് തനിക്ക് താങ്ങാനാവുന്നതല്ലെന്നും ജോസ് പറയുന്നു.
ജോസ് നെല്ലേടത്തിന്റെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. കത്തില്‍ ചില പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അവരെ ചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. മുള്ളന്‍കൊല്ലി പഞ്ചായത്തംഗമായിരുന്ന ജോസ് കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ കൈഞരമ്ബ് മുറിച്ചശേഷം പെരുക്കല്ലൂരിലെ കുളത്തില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.