പിസി തോമസ് വീണ്ടും എൻ ഡി എ യിലേക്കോ ? ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ.
കോട്ടയം : മൂന്ന് മുന്നണികളിലും ലോക്സഭാ ഇലക്ഷനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ , സീറ്റ് വിഭജനം യു ഡി എഫിന് കീറാമുട്ടിയായി മാറുന്നു. തങ്ങളുടെ ശക്തി എന്തെന്നുള്ള ധാരണ പോലുമില്ലാതെ ഘടക കക്ഷികൾ കൂടുതൽ സീറ്റുകൾക്കായി ശക്തമായി വാദിക്കുന്നു.
യു ഡി എഫിൽ കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് 16, ലീഗ് 2, കേരള കോൺഗ്രസ് (എം) 1, ആർ എസ് പി 1 എന്ന നിലയിലായിരുന്നു സീറ്റ് വിഭജിച്ചിരുന്നത്. ഇതിൽ കേരള കോൺഗ്രസ് (എം) എൽ ഡി എഫിൽ പോയതോടെ ആ സീറ്റ് തങ്ങൾക്കവകാശപ്പെട്ടതാണ് എന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാൽ ജില്ലയിൽ യാതൊരു സ്വാധീനവുമില്ലാത്ത ജോസഫ് വിഭാഗത്തിന് കോൺഗ്രസിന്റെ പഴയ സീറ്റായ കോട്ടയം വിട്ടു കൊടുക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. എന്നാൽ സീറ്റ് തങ്ങൾക്ക് ലഭിക്കും എന്ന പ്രതീക്ഷയിൽ കേരള കോൺഗ്രസിലെ സീറ്റു മോഹികളെല്ലാം രംഗത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞ ഇലക്ഷനിൽ സാധിക്കാതെ പോയ ആഗ്രഹം ഇത്തവണയെങ്കിലും സാധിക്കണം എന്ന നിലപാടുമായാണ് പി ജെ ജോസഫ് കരുക്കൾ നീക്കുന്നത്. ജോസഫിന് രണ്ടു ലക്ഷ്യങ്ങളാണ് മുന്നിലുള്ളത് , ഒന്ന് ഒരിക്കലെങ്കിലും പാർലിമെന്റിൽ , പോകണം , രണ്ടാമതായി ഒഴുവു വരുന്ന തൊടുപുഴ സീറ്റിൽ തന്റെ മകൻ അപുവിനെ മത്സരിപ്പിക്കണം.
എന്നാൽ മുൻ എം പി യായ പി സി തോമസ് , ജോസഫിന്റെ അവകാശ വാദങ്ങളെ അപ്പാടെ തള്ളിക്കളയുകയാണ്. സീനിയറും, ലോക്സഭാ പരിചയവും ഉള്ള താനുള്ളപ്പോൾ നിലവിൽ എംഎൽഎ ആയ ജോസഫ് മത്സരിക്കാൻ പാടില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനിടയിൽ ബി ജെ പി യിലെ പഴയ സുഹൃത്തുക്കൾ പി സി തോമസുമായി ആശയവിനിമയം നടത്തിയതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. കോട്ടയം സീറ്റും മന്ത്രി സ്ഥാനവുമാണ് ബി ജെ പി നൽകുന്ന വാഗ്ദാനം. ഒരു വേള പരാജയപ്പെട്ടാൽ രാജ്യസഭ സീറ്റ് നൽകി മന്ത്രിയാക്കാം എന്ന വാഗ്ദാനവും മുമ്പോട്ട് വെയ്ക്കുന്നു. എന്തായാലും യു ഡി എഫിലെ സീറ്റു വിഭജനം കഴിയുന്നതു വരെ തോമസ് തീരുമാനമൊന്നും എടുക്കാനിടയില്ല.
തനിക്ക് സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് ജില്ലാ കൺവീനറായ സജി മഞ്ഞക്കടമ്പനും ഉളളത് .കേരള കോൺഗ്രസിന് ലഭിക്കുന്ന സീറ്റിൽ മത്സരിക്കാൻ യോഗ്യത പാർട്ടിക്കും മുന്നണിക്കും വേണ്ടി അഹോരാത്രം പണിയെടുക്കുന്ന തനിക്കാണെന്നാണ് സജിയുടെ വാദം. ജോസഫിന്റെ രോഗാവസ്ഥയും ചർച്ചാ വിഷയമാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മത്സരിച്ച മുസ്ലീം ലീഗ് ഒരു സീറ്റു കൂടി തങ്ങൾക്ക് ലഭിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. കോഗ്രസിനുള്ളതിന്റെ തൊട്ടടുത്ത എണ്ണം സീറ്റുളള തങ്ങളെ രണ്ടു സീറ്റിൽ ഇനിയും ഒതുക്കാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് ലീഗ് നേതൃത്വം . രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട്, അഥവാ കണ്ണൂർ തങ്ങൾക്ക് ലഭിക്കണം എന്ന നിലപാടിലാണ് ലീഗ് .
മുന്നണിയിലെ അസ്വാരസ്യങ്ങൾ വരും ദിവസങ്ങളിൽ രൂക്ഷമായി പുറത്തുവരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഇലക്ഷനിൽ ലഭിച്ചതിനടുത്ത സീറ്റിൽ വിജയിക്കണമെങ്കിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരുമെന്നിരിക്കെ പാളയത്തിലെ പട എങ്ങിനെ അവസാനിപ്പിക്കും എന്നറിയാതെ കുഴയുകയാണ് യു ഡി എഫ് നേതൃത്വം