തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും യു ഡി എഫിലും സൃഷ്ടിക്കാൻ പോകുന്നത് ചെറുതല്ലാത്ത ചലനങ്ങള്‍.
കര്‍ണ്ണാടകത്തിലെ ഗംഭീര വിജയത്തിനു പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തില്‍ 2019 ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലാണ് തകർന്നടിഞ്ഞത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോണ്‍ഗ്രസിന് കരുത്തില്ലെന്ന പ്രചാരണം, സിപിഎം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ശക്തമാക്കും.
ബിജെപിയില്‍ നിന്നും കര്‍ണ്ണാടക പിടിച്ചപ്പോള്‍, പാര്‍ട്ടി തിരുച്ചുവരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. അയല്‍ സംസ്ഥാനത്തെ ജയം കേരളത്തിലെ കോണ്‍ഗ്രസ്സിനും യുഡിഎഫിനും നല്‍കിയത് വലിയ ആത്മവിശ്വാസമായിരുന്നു. നാല് സംസ്ഥാനങ്ങളിലും നേട്ടം ആവര്‍ത്തിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വിശ്വസിച്ചിരുന്നത്. എന്നാൽ ഹിന്ദി ഹൃദയഭൂമിയില്‍ ഇത്ര വലിയ തിരിച്ചടി ഒരിക്കലും കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല.
സെമിയില്‍ കൂടി നേട്ടമുണ്ടാക്കി വയനാട്ടിലെ രാഹുലിൻറെ രണ്ടാം വരവോടെ കേരളത്തിലും അതോടൊപ്പം ദക്ഷിണേന്ത്യയിലും മിന്നും വിജയം ആവര്‍ത്തിക്കാമെന്നായിരുന്നു കണക്കകൂട്ടിയത്. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയം രാഹുല്‍ ഗാന്ധിയുടെ പ്രഭാവത്തിനും മങ്ങലേല്‍പ്പിക്കും. ബിജെപിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന ശക്തമായ പ്രചാരണത്തിലേക്ക് സിപിഎം കടക്കും. ഫലത്തില്‍ ന്യൂനപക്ഷ വോട്ടുകളെ അത് ആശയക്കുഴപ്പത്തിലാക്കും.
2019 ഇലക്ഷനിൽ രാഹുൽ പ്രധാനമന്ത്രിയാകും എന്ന വിശ്വാസത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി കോൺഗ്രസിന് വോട്ട് ചെയ്തവർ ഇപ്രാവിശ്യം മാറി ചിന്തിക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ നിലവിലുള്ള സീറ്റുകൾ നിലനിർത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാകും.
ബി ജെ പി ക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ തമ്പടിച്ച് രാഹുലിന് എങ്ങിനെ ബി ജെ പി യെ നേരിടാനാകും. ഈ അവസ്ഥ കോൺഗ്രസിനു മേൽ ബി ജെ പിക്ക് ഹിന്ദി മേഖലകളിൽ വൻ ആധിപത്യം നേടിക്കൊടുക്കും.
ഹിന്ദി ഹൃദയ ഭൂമിയിൽ നിന്ന് പിഴുതെറിയപെട്ട കോൺഗ്രസിന് ഇപ്രാവിശ്യവും ലോക് സഭയിൽ മൂന്നക്കം കടക്കാൻ കഴിയുമോ എന്ന് സംശയമാണ്. രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും മുൻ നിർത്തി പട നയിച്ച കോൺഗ്രസിനേറ്റ കനത്ത തിരിച്ചടി , രാഹുലിന്റെ നേതൃത്വത്തിന് തന്നെ വെല്ലുവിളിയായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിൽ ഒന്നു മാത്രം നേടാൻ കഴിഞ്ഞ കോൺഗ്രസിന് മോദിയും അമിത് ഷായും നേതൃത്വം നൽകുന്ന, ആർ എസ് എസ് പിന്തുണയുള്ള ,പൂർണ്ണ സജ്ജമായ ബി ജെ പിക്ക് മേൽ എത്രമാത്രം വെല്ലുവിളി ഉയർത്താൻ കഴിയും എന്ന് കാത്തിരുന്നു കാണേണ്ടതാണ്.