10 വര്‍ഷത്തിനിടെ വയനാട്ടില്‍ ആത്മഹത്യ ചെയ്തത് 5 കോണ്‍ഗ്രസ് നേതാക്കള്‍, തമ്മിലടി രൂക്ഷം; വിവാദങ്ങളെക്കുറിച്ച് വിവരം തേടി പ്രിയങ്ക ഗാന്ധി എംപി
വയനാട്: പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായി വയനാട് കോണ്‍ഗ്രസ്.
കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടില്‍ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കളാണ്. ഡിസിസി നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചാണ് പലരും ജീവനൊടുക്കിയത്. എന്നാല്‍ തുടർ മരണങ്ങളും നേതാക്കള്‍ തമ്മില്‍ തമ്മിലടിയും ഉണ്ടായിട്ടുംസംസ്ഥാന നേതൃത്വം കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. അതേ സമയം വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി.
ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.ജോണ്‍ , ഡിസിസി ട്രഷറർ എൻ.എം. വിജയൻ മകൻ ജിജേഷ്, പാർട്ടി അനുഭാവിയും നേതാക്കളുടെ വിശ്വസ്തനുമായ രാജേന്ദ്രൻ നായർ, വാർഡ് മെമ്ബർ ജോസ് നല്ലേടം എന്നിവരാണ് അഞ്ച് വർഷത്തിടെ ജീവനൊടുക്കിയത്. 2015 നവംബറില്‍ ആണ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.വി.ജോണ്‍ പാർട്ടി ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം പാർട്ടിക്കാർ കാലുവാരിയതിന്റെ മനോവിഷമത്തിലാണ് ജോണിന്‍റെ ആത്മഹത്യ.