Kerala News

കേരളത്തില്‍ വിചാരണ നടത്തുന്നത് ശരിയല്ല, കന്യാകുമാരിയിലേക്ക് മാറ്റണം: ഗ്രീഷ്‌മ സുപ്രീം കോടതിയില്‍

Keralanewz.com

തിരുവനന്തപുരം: കാമുകൻ പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ വാദം കന്യാകുമാരിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച്‌ മുഖ്യപ്രതി ഗ്രീഷ്മ.
നെയ്യാറ്റിൻകര കോടതിയുടെ കീഴില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കന്യാകുമാരിയിലെ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടത്തണമെന്നാണ് ഗ്രീഷ്‌മ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ വിചാരണ നടത്തുന്നത് മുൻകാല സുപ്രീം കോടതി വിധികള്‍ക്കെതിരാണെന്നാണ് ഗ്രീഷ്‌മയുടെ വാദം. അഭിഭാഷകനായ ശ്രീറാം പറക്കാട്ടാണ് ഗ്രീഷ്‌മയ്‌ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഇക്കഴിഞ്ഞ 25ന് ഗ്രീഷ്‌മയ‌്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പ്രതിക്കെതിരെ സമൂഹത്തിലുള്ള വികാരംമാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണ നടക്കാനിരിക്കുന്ന കേസില്‍ ജാമ്യംനല്‍കാതെ പ്രതിയെ ശിക്ഷിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ജാമ്യം അനുവദിച്ചത്.

ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. വിചാരണക്കോടതി കേസുവിളിക്കുമ്ബോഴൊക്കെ വീഴ്ചവരുത്താതെ ഹാജരാകണം. നിലവിലെ മേല്‍വിലാസവും മൊബൈല്‍നമ്ബരും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും കൈമാറണം.

2022 ഒക്ടോബര്‍ 17നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ തന്റെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത്. പ്രണയബന്ധത്തില്‍നിന്ന് പിന്മാറാൻ വിസമ്മതിച്ചതായിരുന്നു കാരണം. ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ഒക്ടോബര്‍ 25ന് ചികിത്സയിലിരിക്കെ മരിച്ചു. അറസ്റ്റിലായ ഗ്രീഷ്മ നവംബര്‍ ഒന്നുമുതല്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

തെളിവുനശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിര്‍മ്മലകുമാരൻ നായര്‍ എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും കസ്റ്റഡിയില്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഗ്രീഷ്മ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്‌മയെ ജാമ്യം ലഭിക്കുന്നതിന് ഏതാനും ദിവസംമുമ്ബ് മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. സഹതടവുകാരിയുമായുളള പ്രശ്നത്തെത്തുടര്‍ന്നായിരുന്നു മാറ്റം.

Facebook Comments Box