പാലക്കാട്: കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്തംഗമായ ഭാര്യയും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി.
പിരായിരി പഞ്ചായത്ത് അംഗം സിതാര ശശി, ഭർത്താവും മണ്ഡലം സെക്രട്ടറിയുമായ ജി ശശി എന്നിവരാണ് സരിന് പിന്തുണ പ്രഖ്യാപിച്ചത്. ഷാഫി പറമ്ബില്‍ വാക്ക് പാലിക്കാത്തതുകൊണ്ടാണ് എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പറഞ്ഞു. ഷാഫി പറമ്പില്‍ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നല്‍കിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര വ്യക്തമാക്കി
ഷാഫി പറമ്പില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം നല്‍കുന്നത് ഇഷ്ടക്കാർക്ക് മാത്രമാണെന്നാണ് ശശി പറയുന്നത്. ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് പാർട്ടിയിലെന്നും , തങ്ങള്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫിക്കെതിരെ കെപിസിസി പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിരുന്നുവെന്നും ഷാഫിയോടുള്ള വിയോജിപ്പ് മൂലമാണ് ഇടതു സ്ഥാനാർത്ഥിയെ പിന്തുണക്കുന്നതെന്നും ശശി വ്യക്തമാക്കി.
ഓരോ ദിവസവും കൂടുതൽ പ്രാദേശിക നേതാക്കൾ സരിനെ പിന്തുണച്ച് രംഗത്തുവരുന്നത് കോൺഗ്രസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.