National NewsTravel

“സൗജന്യ ബസ് യാത്ര സ്ത്രീകള്‍ക്ക് തന്നെ വേണ്ട” ; കര്‍ണാടകയില്‍ കൊട്ടിഘോഷിച്ച “ശക്തി പദ്ധതി” പുനരാലോചിക്കുമെന്ന് കോണ്‍ഗ്രസ്

Keralanewz.com

ബംഗളൂരു: നിരവധി സ്ത്രീകള്‍ ടിക്കറ്റിനായി പണം നല്‍കാൻ താല്‍പ്പര്യപ്പെടുന്ന സാഹചര്യത്തില്‍ ശക്തി പദ്ധതിയെക്കുറിച്ച്‌ സർക്കാർ പുനരാലോചന നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.

പല സ്ത്രീകളും സോഷ്യല്‍ മീഡിയയിലൂടെയും ഇമെയിലുകളിലൂടെയും തങ്ങളുടെ ടിക്കറ്റിനായി പണം നല്‍കണമെന്ന് ഞങ്ങളോട് പറയാറുണ്ട്. ഞങ്ങള്‍ ഇത് ചർച്ച ചെയ്യും,’

കെഎസ്‌ആർടിസിയുടെ പുതിയ ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകള്‍ ഫ്‌ഉത്‌ഘാടനം ചെയ്യുന്ന വേളയില്‍ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ തന്നെ പണം കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഡി കെ ശിവകുമാർ പറയുന്നതെങ്കിലും കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ഇതിനു കാരണം എന്നാണ് കരുതപ്പെടുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന ശക്തി പദ്ധതി നടപ്പിലാക്കിയതിനു ശേഷം വലിയ സാമ്ബത്തിക ബാധ്യതയാണ് കർണാടക റോഡ് ട്രാൻസ്പോർട്ടിന് വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം ആറ് സ്റ്റാഫ് യൂണിയനുകളെ പ്രതിനിധീകരിക്കുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കിയിരുന്നു. കർണാടക ആർ ടി സി ക്ക് നല്‍കാനുള്ള സാമ്ബത്തിക കുടിശിക എത്രയും പെട്ടെന്ന് തന്നു തീർക്കണം എന്നാവശ്യപ്പെട്ടായിരിന്നു നിവേദനം.

2023-24 ലെ ശക്തി സ്‌കീം റീഇംബേഴ്‌സ്‌മെൻ്റായി 1,180 കോടി രൂപയും 2024 ഏപ്രില്‍, മെയ് മാസങ്ങളില്‍ 166 കോടി രൂപയും ആർടിസികള്‍ക്ക് സർക്കാർ നല്‍കാനുണ്ടെന്നും ജോയിൻ്റ് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് ശക്തി സ്കീം സ്ത്രീകള്‍ തന്നെ ആഗ്രഹിക്കുന്നില്ല എന്ന പരാമർശവുമായി ഡി കെ ശിവകുമാർ വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്

Facebook Comments Box