തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തീയതികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഡിസംബര്‍ 20ന് മുമ്ബ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കി.
തെരഞ്ഞെടുപ്പിന് മുമ്ബ് വോട്ടർ പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. കൂടാതെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. എസ്‌ഐആറിൻ്റെ ചുമതലയുള്ള കളക്ടർമാരും ഡെപ്യൂട്ടി കലക്ടർമാരും തദ്ദേശ തെതിരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസർമാരായതിനാല്‍ നടപടികളില്‍ ആശയക്കുഴപ്പമുണ്ടാകും എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് കത്തയച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. എസ്‌ഐആറിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. യു ആര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികള്‍ എതിര്‍പ്പുയര്‍ത്തിയത്.
2002 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് പരിഷ്കരണം നടപ്പാക്കുക. അതിന് ശേഷം വോട്ടർ പട്ടികയില്‍ ഇടം നേടിയ എല്ലാവരും അപേക്ഷാഫോം നല്‍കേണ്ടി വരും. മൂന്നുമാസം കൊണ്ട് വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്.