ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനം വാങ്ങിയവരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: ഭൂട്ടാനിലെ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ഇരുന്നൂറോളം ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി കസ്റ്റംസ്.
ആകെ 198 വാഹനങ്ങള്‍ കടത്തിയെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇവയില്‍ എത്രയെണ്ണം കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് കസ്റ്റംസ്. സിനിമ താരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖർ സല്‍മാൻ, അമിത് ചക്കാലക്കല്‍ എന്നിവരുടെ കൊച്ചിയിലെ വീടുകളില്‍ കസ്റ്റംസ് നടത്തിവരുന്ന പരിശോധന പുരോഗമിക്കുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് വിവരം.
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചത് അടക്കമുള്ള എസ്യുവികളാണ് ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത്. വാഹന ഡീലർമാരില്‍ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്ന് കണക്കാക്കുന്നത്. എന്നാല്‍ ഇത് യഥാർത്ഥ കണക്കാണോ എന്ന് വ്യക്തമല്ല. ഇത് കണ്ടെത്താനാണ് രാജ്യത്താകെ ഓപ്പറേഷൻ നുംഖാർ എന്ന പേരില്‍ പരിശോധന നടക്കുന്നത്. കേരളത്തില്‍ നിന്ന് ഇതുവരെ 20ഓളം ആഡംബര എസ്യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നു മാത്രമായി 11 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സെക്കന്റ് ഹാൻഡ് ആഡംബര വാഹനങ്ങളുടെ ഷോറൂമുകളിലാണ് പരിശോധന.
ഭൂട്ടാനില്‍ നിന്ന് എത്തിയ വാഹനങ്ങള്‍ വാങ്ങിച്ചവരില്‍ സിനിമാ താരങ്ങള്‍ക്ക് പുറമെ കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാഷണല്‍ ടിബി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സെൻട്രല്‍ സില്‍ക്ക് ബോർഡ് മെമ്ബർ സെക്രട്ടറി എന്നിവർ വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും വാഹനങ്ങള്‍ ബെംഗളൂരുവിലാണ് ഉള്ളത്.
അതേസമയം, മലയാള സിനിമ താരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖർ സല്‍മാൻ, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടില്‍ പരിശോധന തുടരുകയാണ്. ദുല്‍ഖർ സല്‍മാന്റെയും മമ്മൂട്ടിയുടെയും വീടായ കൊച്ചിയിലെ എലംകുളത്തെ വീട്ടിലും പനമ്ബിള്ളി നഗറിലെ പഴയ വീട്ടിലും കാറുകള്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്. വാഹനപ്രേമിയായ മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും പഴയ മോഡല്‍ വിന്റേജ് കാറുകള്‍ ഉള്‍പ്പെടെ പുതിയ വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വന്തമായി നിരവധി വാഹനങ്ങള്‍ ഉണ്ട്.
വ്യാജ രജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള റെയ്ഡാണ് ഓപ്പറേഷൻ നുംഖോർ. ഭൂട്ടാൻ ഭാഷയില്‍ വാഹനം എന്നർത്ഥം വരുന്ന വാക്കാണ് നുംഖോർ. ഭൂട്ടാനില് നിന്ന് പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള് ഇന്ത്യയിലേക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്ന്നിരുന്നു. നിരവധി ആഡംബര വാഹനങ്ങളാണ് ഇത്തരത്തില്‍ എത്തിയതെന്നാണ് കണക്കാക്കുന്നത്. വാഹനങ്ങള് ഹിമാചല് പ്രദേശിലെത്തിച്ച് രജിസ്ട്രേഷന് ചെയ്ത് രാജ്യമെമ്ബാടും വില്പ്പന നടത്തിയെന്നാണ് പരാതി.