കേന്ദ്രമന്ത്രി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ല ;പാര്‍ട്ടിയോടോ സംസ്ഥാനനേതൃത്വത്തോടോ ഒന്നും ആലോചിക്കുന്നില്ല ; ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ സുരേഷ്‌ഗോപിക്ക് വിമര്‍ശനം ;
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ കേന്ദ്രമന്ത്രി സൂരേഷ്‌ഗോപിക്ക് വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന നേതൃത്വമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നില്ലെന്നാണ് വിമര്‍ശനം.
സംസ്ഥാന നേതൃത്വവുമായി ഒരു കൂടിയാലോചനകളും സുരേഷ്‌ഗോപി നടത്തുന്നില്ല. എംപി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ലെന്നും താരത്തെ വിമര്‍ശിക്കുന്നവര്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിനും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം സുരേഷ്‌ഗോപിക്ക് അനുകൂലമായും പാര്‍ട്ടിയോഗത്തില്‍ ശബ്ദമുയര്‍ന്നു. സുരേഷ് ഗോപിയെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്നും കലുങ്ക് സംവാദം മാതൃകയാക്കേണ്ട പരിപാടിയാണെന്നുമാണ് ഇവര്‍ പറഞ്ഞത്. കേരളത്തിലെ പാര്‍ട്ടിയുടെ ഏക എംപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.
സുരേഷ് ഗോപിയുമായി സംസ്ഥാന നേതൃത്വത്തിന് ആശയവിനിമയമില്ലെന്നും വ്യക്തമാക്കി. എയിംസിന്റെ കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തണമെന്ന ആവശ്യവും കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. എയിംസ് കൊണ്ടുവരുന്ന കാര്യത്തിലും സുരേഷ്‌ഗോപിയും രാജീവ് ചന്ദ്രശേഖറും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. സുരേഷ്‌ഗോപി ആലപ്പുഴയില്‍ കൊണ്ടുവരണമെന്ന് പറയുമ്ബോള്‍ രാജീവ് ചന്ദ്രശേഖറിനും പാര്‍ട്ടിക്കും തിരുവനന്തപുരം പാറശ്ശാലയിലോ തൃശൂരോ എയിംസ് കൊണ്ടുവരുന്നതിനോടാണ് താല്‍പ്പര്യം.