അവശ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവില്ല; വിലക്കയറ്റം സാധാരണക്കാരെ വലയ്ക്കുന്നു
തിരുവനന്തപുരം :കേന്ദ്രസർക്കാർ നടപ്പാക്കിയ ജിഎസ്ടി ഇളവുകള്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് ബാധകമല്ലാത്തതിനാല്‍ സാധാരണക്കാർ കടുത്ത പ്രതിസന്ധിയിലാണ്.
ഭക്ഷ്യധാന്യങ്ങള്‍ക്ക് ദിവസവും വില കൂടുന്നതല്ലാതെ കുറയുന്നില്ല.
നിർമ്മാണ മേഖല, വാഹനങ്ങള്‍, മരുന്ന്, വിദ്യാർത്ഥികള്‍, കർഷകർ, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍ എന്നിവയ്ക്ക് ജിഎസ്ടി ഇളവുകള്‍ പ്രഖ്യാപിച്ചത് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, അവ പ്രാബല്യത്തില്‍ വരുന്നതിലെ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഈ ഇളവുകള്‍ എത്ര കാലത്തേക്കെന്നതിലും വ്യക്തത കുറവുണ്ട്.
നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വില കുറയേണ്ടിയിരുന്നതെന്ന് സാധാരണക്കാർ ചൂണ്ടിക്കാട്ടുന്നു. ദിവസേന എന്നോണം ഭക്ഷ്യസാധനങ്ങളുടെ വില വിപണിയില്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്.
അവശ്യസാധനങ്ങളുടെ നിലവിലെ വിപണിവില ഇങ്ങനെയാണ്: അരി 52, പച്ചരി 32, അവല്‍ 60, പഞ്ചസാര 45, ശർക്കര 68, സവാള 30, വെളുത്തുള്ളി 160, പുളി 220, മുളക് 540, കാശ്മീരി മുളക് 260, മല്ലി 140, ചെറുപയർ 160, പയർ 180, കടല 130, തുവരപ്പരിപ്പ് 160, കടലപ്പരിപ്പ് 140, ചെറുപയർ പരിപ്പ് 160, ഗോതമ്ബ് 50, , ചായപ്പൊടി 280, വെളിച്ചെണ്ണ 440.
അതേസമയം, പഴവർഗ്ഗങ്ങളില്‍ നേന്ത്രപ്പഴത്തിന് കഴിഞ്ഞ ദിവസം വലിയ വിലയിടിവുണ്ടായി. രണ്ടര കിലോ നേന്ത്രക്കായക്ക് 100 രൂപയായിരുന്നു ഇന്നലത്തെ വില. നേരത്തെ ഒരു കിലോക്ക് 50 രൂപയായിരുന്നു.
മറ്റ് പഴവർഗ്ഗങ്ങള്‍ക്ക് വിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. പച്ചക്കറികള്‍ക്കും കാര്യമായ വിലക്കുറവില്ല. നവരാത്രി-ദസറ ആഘോഷമായതിനാല്‍ പച്ചക്കറികള്‍ക്ക് വില കുറയാൻ സാധ്യതയില്ലെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്.