Kerala NewsNational NewsPolitics

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തടയുക ലക്ഷ്യം; ഇ സൈൻ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

Keralanewz.com

ന്യൂഡല്‍ഹി: വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനും, തിരുത്തലുകള്‍ വരുത്തുന്നതിനും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറുകള്‍ ഉപയോഗിച്ച്‌ ഐഡന്റിറ്റി പരിശോധിക്കുന്നതിനുള്ള ‘ഇ-സൈൻ’ എന്ന പുതിയ ഫീച്ചർ ഇ-നെറ്റ് പോർട്ടലിലും ആപ്പിലും അവതരിപ്പിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ.

2023 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കർണാടകയിലെ അലന്ദ് നിയോജകമണ്ഡലത്തില്‍ ഓണ്‍ലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയില്‍ ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ച്‌ ഒരു ആഴ്ച തികയുന്നതിന് മുമ്ബാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പരിഷ്കാരം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ECINet പോർട്ടലില്‍ ഫോമുകള്‍ സമർപ്പിക്കുമ്ബോള്‍ പുതിയ ഫീച്ചർ കാണാൻ കഴിയും. ECINet പോർട്ടലില്‍ ഫോം 6 (പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി), അല്ലെങ്കില്‍ ഫോം 7 (നിലവിലുള്ള പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനോ നീക്കം ചെയ്യുന്നതിനോ എതിർപ്പ് പ്രകടിപ്പിക്കുന്നതിന്), അല്ലെങ്കില്‍ ഫോം 8 (എൻട്രികളുടെ തിരുത്തലിനായി) എന്നിവയുടെ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാൻ ഇനി മുതല്‍ ഇ സൈൻ നിർബന്ധമാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബർ ഉപയോഗിച്ച്‌ മാത്രമേ ഇനി മുതല്‍ ഈ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

അപേക്ഷകന് വോട്ടർ കാർഡിലെ പേര് ആധാറിലെ പേരിന് തുല്യമാണെന്നും ഉപയോഗിക്കുന്ന മൊബൈല്‍ നമ്ബർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ പുതിയ ഫീച്ചറിലൂടെ സാധിക്കും. അതേസമയം, പേര് നീക്കം ചെയ്യാനോ എതിർപ്പുകള്‍ അറിയിക്കാനോ ഉപയോഗിക്കുന്ന ഫോം 7-ല്‍ മാറ്റമൊന്നുമില്ല.

നേരത്തെ വോട്ടർ തിരിച്ചറിയല്‍ കാർഡിലെ നമ്ബറുമായി ഏതെങ്കിലും ഒരു ഫോണ്‍ നമ്ബർ ബന്ധിപ്പിച്ച ശേഷം ഓണ്‍ലൈനായി വോട്ടർപട്ടികയില്‍ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോണ്‍ നമ്ബർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാല്‍ വോട്ടർ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. ഇതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷ ഇ സൈൻ ഫീച്ചർ അവതരിപ്പിച്ചത്.

Facebook Comments Box