വോട്ടിരട്ടിപ്പ് വിവാദം മറികടക്കാൻ വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കും
ന്യൂഡല്‍ഹി: വോട്ടിരട്ടിപ്പ് വിവാദം മറികടക്കാൻ വോട്ടർപട്ടിക നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നീക്കം.
വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍ നിർബന്ധമല്ലെന്ന തെരഞ്ഞെടുപ്പ് കമീഷൻ നിലപാടിന് വിരുദ്ധമാണിത്. മാർച്ച് നാലിന് ന്യൂഡല്‍ഹിയില്‍ വിളിച്ചുചേർത്ത സംസ്ഥാന, ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഈ നിർദേശം മന്നോട്ടുവെച്ചിരുന്നു. ഇതിനുശേഷം ഇൗ നിർദേശം കുറിപ്പായി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും അവർ വഴി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും അയച്ചുകൊടുത്തു.
2022ലെ വോട്ടർ രജിസ്ട്രേഷൻ (ഭേദഗതി) ചട്ടം 26 ബി പ്രകാരം വോട്ടർപട്ടികയില്‍ പേരുള്ളവർക്കും 6 ബി ഫോറം ഉപയോഗിച്ച് തങ്ങളുടെ ആധാർ അതുമായി ബന്ധിപ്പിക്കാം. എന്നാല്‍, വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍ നിർബന്ധല്ലെന്നും വോട്ടർക്ക് ഇഷ്ടപ്രകാരം ചെയ്യാമെന്നും 2022ല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടിയെ അറിയിച്ചിരുന്നു.
ഒരേ എപിക് നമ്ബറില്‍ ഒന്നിലധികം പേർ വോട്ടർപട്ടികയില്‍ വന്നത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ കൃത്രിമം കാണിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഗുരുതര ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ആധാറുമായി വോട്ടർപട്ടിക ബന്ധിപ്പിച്ച് ഈ പരാതിക്ക് അറുതിവരുത്താനാണ് കരുതുന്നതെന്ന് മുതിർന്ന കമീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരേ എപിക് നമ്ബറില്‍ ഒന്നിലേറെ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡും വോട്ടർപട്ടികയില്‍ പേരുമുണ്ടെങ്കിലും ഈ വോട്ടർക്ക് തങ്ങളുടെ സംസ്ഥാനങ്ങളില്‍ മാത്രമേ വോട്ടുചെയ്യാനാവൂ എന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം പ്രതിപക്ഷ പാർട്ടികള്‍ അംഗീകരിച്ചിരുന്നില്ല.
പരാതി ഒരേ എപിക് നമ്ബറുകളില്‍
എപിക് നമ്ബറുമായി ബന്ധപ്പെട്ട് രണ്ടുതരത്തിലുള്ള ആക്ഷേപമാണ് ഉയർന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരേ എപിക് നമ്ബറില്‍ നിരവധി വോട്ടർമാരുടെ പേരുകള്‍ വോട്ടർപട്ടികയിലുള്ളതാണ് ഒന്ന്. ഒരു വോട്ടർക്ക് ഒന്നിലേറെ എപിക് നമ്ബറുള്ളതാണ് മറ്റൊന്ന്. ഒാരോ വോട്ടർക്കും സവിശേഷ നമ്ബർ നല്‍കി മൂന്നുമാസംകൊണ്ട് പരിഹരിക്കാൻ കമീഷൻ നടപടി തുടങ്ങി. എന്നാല്‍, ആധാർ നിർബന്ധമാക്കാത്തതിനാല്‍ ഒരേ വോട്ടർക്ക് ഒന്നിലേറെ എപിക് നമ്ബറുള്ള രണ്ടാത്തെ പ്രശ്നം കടുത്ത വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.