കുറവിലങ്ങാട് മൈക്രോ ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം സെപ്തംബർ 26 ന്
കുറവിലങ്ങാട്: സെപ്റ്റംബർ 26 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കേരള ഗവ. ബഡ്‌ജറ്റിലൂടെ പ്രഖ്യാപിച്ച കെ. എം. മാണി സാമൂഹിക സുഷ്‌മ ജലസേചന പദ്ധതിയുടെ ഭാഗമായ കുറവിലങ്ങാട് മൈക്രോ ഇറിഗേഷൻ പദ്ധതി യാഥാർഥ്യമാവുകയാണ്. കുറവിലങ്ങാട് പഞ്ചായത്ത് വാർഡ് 1 ൽ കാളിയാർതോട്ടം പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പി. സി. കുര്യൻ, ജലവിഭ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റ്യന് നല്‌കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പ് പഠനം നടത്തുകയും കുറവിലങ്ങാട് പഞ്ചായത്ത് വാർഡ് ഒന്ന് പദ്ധതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2 കോടി 15 ലക്ഷം രൂപയുടെ പദ്ധതിയാണ് അനുമതി ലഭിച്ചത്. ജലസേചന വകുപ്പിന് കീഴിൽ കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. എം. വി.ഐ.പി. കനാൽ വിളയംകോട് ഡിസ്ട്രിബ്യൂട്ടറിയുടെ ജയ്‌ഗിരി ഭാഗത്ത് തുറന്നുവിടുന്ന ജലം. ചിറത്തടം പഞ്ചായത്ത് കുളത്തിൽ സംഭരിക്കും അവിടെ നിന്നും പമ്പ് ചെയ്ത് ഉയർന്ന സ്ഥലമായ കാളിയാർതോട്ടത്ത് സ്ഥാപിക്കുന്ന 2 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ എത്തിക്കും. അവിടെ നിന്നും ഷിഫ്റ്റുകളിലായി കൃഷിയിടങ്ങളിലേക്ക് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം വഴി നൽകുന്നതിനാണ് പദ്ധതി.
പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 26-ാം തീയതി വെള്ളിയാഴ്ച്‌ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ബഹു. ജലവിഭവ വകുപ്പ മന്ത്രി റോഷി അഗസ്റ്റ്യൻ നിർവ്വഹിക്കും. അഡ്വ. മോൻസ് ജോസഫ് എം എൽ എ അദ്ധ്യക്ഷതവഹിക്കും. ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും, വകുപ്പ് ഉദ്യോഗസ്ഥരും, ഗുണഭോക്താക്കളും, ബഹുജനങ്ങളും പങ്കെടുക്കുമെന്ന് ഗുണഭോക്തൃസമിതി പ്രസിഡൻ്റും ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ പി. സി. കുര്യൻ, പഞ്ചായത്ത് മെമ്പർ വിനുകുര്യൻ എന്നിവർ പറഞ്ഞു.