Sun. May 12th, 2024

രാമക്ഷേത്ര പ്രതിഷ്ഠയെ വിമര്‍ശിച്ച്‌ പോസ്റ്റ്: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ക്കും വീടൊഴിയാന്‍ നോട്ടീസ്

By admin Jan 31, 2024 #bjp #congress
Keralanewz.com

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ക്കും വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്.

ജനുവരി 22ന് നടന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ അപലപിച്ച്‌ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ സൂരണ്യ അയ്യര്‍ക്കും ഡല്‍ഹിയിലെ ജങ്പുരയിലെ വീട് ഒഴിയാന്‍ നോട്ടീസ് ലഭിച്ചത്. മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും സമാധാനത്തിന് ഭംഗം വരുത്തുന്നതുമായ വിധത്തിലുള്ള പരാമര്‍ശം നടത്തരുതെന്നു പറഞ്ഞാണ് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍ഡബ്ല്യുഎ) നോട്ടീസ് അയച്ചത്. കോളനിയിലെ സമാധാനം തകര്‍ക്കുന്നതോ താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ ഒരു താമസക്കാരെ അനുവദിക്കാനാവില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന വിധത്തിലുള്ള വിദ്വേഷത്തിനെതിരേ കണ്ണടയ്ക്കാന്‍ കഴിയുന്ന മറ്റൊരു കോളനിയിലേക്ക് ദയവായി മാറാന്‍ ഞങ്ങള്‍ നിങ്ങളോട് നിര്‍ദേശിക്കുന്നുവെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

നേരത്തേ, രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പ്രതിഷേധിച്ച്‌ നിരാഹാരമിരിക്കുന്നതായി ജനുവരി 20ന് സുരണ്യ അയ്യര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. രാജ്യത്തെ മുസ്‌ലിം പൗരന്മാരോടുള്ള സ്‌നേഹത്തിന്റെയും ദുഃഖത്തിന്റെയും പ്രകടനമായാണ് നിരാഹാരം എന്നായിരുന്നു പോസ്റ്റ്. സാമൂഹിക മാധ്യമങ്ങളിലൂടെ സുരണ്യാ അയ്യര്‍ പറഞ്ഞത് ഒരു വിദ്യാസമ്ബന്നനായ ഒരു വ്യക്തിക്ക് ചേരാത്തതാണെന്നാണ് നോട്ടീസിലുള്ളത്. 500 വര്‍ഷത്തിന് ശേഷമാണ് രാമക്ഷേത്രം നിര്‍മിക്കുന്നത്. അതും 50 സുപ്രിം കോടതി വിധിക്ക് ശേഷമാണെന്ന് മനസ്സിലാക്കണം. നിങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് പറയാം. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സുപ്രിംകോടതിയുടെ അഭിപ്രായം ദയവായി ഓര്‍ക്കണം. ജനങ്ങളെ പ്രകോപിപ്പിക്കരുതെന്നും പൗരന്മാര്‍ക്കിടയില്‍ വിദ്വേഷവും അവിശ്വാസവും സൃഷ്ടിക്കരുതെന്നും അസോസിയേഷന്‍ നോട്ടീസില്‍ പറയുന്നുണ്ട്.

Facebook Comments Box

By admin

Related Post