Tue. May 7th, 2024

എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെ ആളും ക്രിമിനല്‍ കേസ് പ്രതി ;യൂത്ത് കോൺഗ്രസ് പ്രതിസന്ധിയിൽ

By admin Nov 18, 2023 #congress #youth congress
Keralanewz.com

എറണാകുളം :യൂത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി: എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെ ആളും ക്രിമിനല്‍ കേസ് പ്രതി. പ്രസിഡന്റിനെ പ്രഖ്യാപിക്കാനാകാതെ യൂത്ത് നേതൃത്വം .

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച്‌ ഒന്നാമതെത്തിയ നേതാവ് ജയിലിലും രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രിമിനല്‍ കേസ് പ്രതികളുമായതോടെയാണ് പ്രതിസന്ധി നേരിട്ടത്. കെ.സി.വേണുഗോപാല്‍ ഗ്രൂപ്പുകാരനായ കെ.പി.ശ്യാമിനെതിരായാണ് കേസ്. ഒന്നും രണ്ടും സ്ഥാനക്കാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായതോടെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ചിരുന്നു.

എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൂടുതല്‍ വോട്ട് ലഭിച്ചത് എ.വിഭാഗം സ്ഥാനാര്‍ഥി പി.എച്ച്‌.അനൂപിന്. എന്നാല്‍ അനൂപ് വധശ്രമക്കേസില്‍ ജയിലിലാണ്. രണ്ടാംസ്ഥാനത്ത് എത്തിയ ഐ വിഭാഗം സ്ഥാനാര്‍ഥി സിജോ ജോസഫിനെ പ്രസിഡന്‍റായി പ്രഖ്യാപിക്കുകയാണ് സ്വാഭാവിക നടപടി. എന്നാല്‍ എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയാണ് സിജോ. രണ്ടുപേരും പ്രതികളായതോടെയാണ് അവസരം മുതലെടുക്കാന്‍ കെ.സി.വേണുഗോപാല്‍ പക്ഷം ചാടിയിറങ്ങിയത്. കെ.സി ഗ്രൂപ്പില്‍ നിന്ന് മത്സരിച്ച്‌ മൂന്നാം സ്ഥാനത്തെത്തിയ കെ.പി.ശ്യാമിന്‍റെ പേര് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി.

ഇതോടെ എ. ഐ ഗ്രൂപ്പുകാര്‍ ഒരുമിച്ച്‌ ശ്യാമിനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് എടുത്ത ക്രിമിനല്‍ കേസ് കുത്തിപ്പൊക്കി. ആളെ ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ് കേസ്. രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അല്ലാതെ വ്യക്തിപരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഭാരവാഹിത്വം നല്‍കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചട്ടം. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും ഇനി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉണ്ടോ എന്ന അന്വേഷണത്തിലാണ് നേതൃത്വം. എ.ഗ്രൂപ്പുകാരായ ലിന്‍റോ പി.ആന്‍റോയെയും ജിന്‍ഷാദ് ജില്‍നാസിനെയുമൊക്കെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ചാർജെടുക്കുവാൻ ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഒരാളെ കണ്ടുപിടിക്കുക വളരെ ശ്രമകരമായ ജോലിയായി മാറിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് . പല ജില്ലകളിലും സമാനമായ പ്രശ്നങ്ങൾ പാർട്ടിനേരിടുന്നുണ്ട്. പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലാത്തവർക്കും , മറ്റു പാർട്ടിക്കാർക്കും , അന്യ സംസ്ഥാന തൊഴിലാളികൾക്കും വ്യാപകമായി മെമ്പർഷിപ്പ് നൽകിയതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന ആരോപണം ഇതിനകം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

Facebook Comments Box

By admin

Related Post