Kerala NewsMovies

വഖഫ് ഭേദഗതിയെ പിന്തുണയ്ക്കാന്‍ നട്ടെല്ലുണ്ടോ’; എംപുരാന് പിന്തുണ നല്‍കിയ ഹൈബി ഈഡനെതിരെ കാമ്ബയിന്‍

Keralanewz.com

കൊച്ചി: എമ്പുരാന്‍ സിനിമ വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിന് പിന്തുണയറിയിച്ച എറണാകുളം എംപി ഹൈബി ഈഡനെതിരെ സോഷ്യല്‍ മീഡിയ കാമ്ബയിന്‍.

പൃഥ്വിരാജ്, സുപ്രിയ മേനോന്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോ ‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല’ എന്ന സിനിമ ഡയലോഗിന് ഒപ്പം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എറണാകുളം എംപിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമായത്. എംപുരാന്‍ സിനിമയുടെ പേരിന്റെ ഭാഗമായ എല്‍ (L) എന്ന അക്ഷരം കൂട്ടിച്ചേര്‍ത്ത് നട്ടെല്ല് എന്ന് ആക്കിമാറ്റിയാണ് ഹൈബി ഈഡന്റെ പോസ്റ്റ്.

എന്നാല്‍, എംപുരാന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കാണിച്ച ധൈര്യം എന്തുകൊണ്ട് മുനമ്ബം വിഷയത്തിലും വഖഫ് ബോര്‍ഡ് ബില്ലിന്റെ വിഷയത്തിലും ഹൈബി സ്വീകരിക്കുന്നില്ലെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുനമ്ബം നിവാസികളെ മുന്‍നിര്‍ത്തിയാണ് ഇത്തരം നീക്കം എന്നതും ശ്രദ്ധേയമാണ്.

ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) ഉള്‍പ്പെടെയാണ് വിഷയം സജീവ ചര്‍ച്ചയാക്കുന്നത്. മുനമ്ബം വിഷയത്തില്‍ എറണാകുളം എംപി എന്ത് നിലപാട് എടുത്തു എന്നും, വഖഫ് ബോര്‍ഡ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിനെ പിന്തുണയ്ക്കാന്‍ ഹൈബി ഈഡന് നട്ടെല്ല് ഉണ്ടോ എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയ കാമ്ബയിനായി ഉന്നയിക്കുന്നത്.

സോഷ്യല്‍ മീഡിയ കാമ്ബയിനുകളുടെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍
ബിജെപി അനുകൂല പേജുകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളില്‍ കുട്ടികള്‍ ഉള്‍പ്പെടെ ചോദ്യം ഉന്നയിച്ച്‌ രംഗത്തെത്തുന്നു. മുനമ്ബം വിഷയത്തില്‍ ഞങ്ങളുടെ രക്ഷിതാക്കള്‍ സമര മുഖത്താണ്. ഈ സാഹചര്യത്തില്‍ വഖഫ് നിയമ ഭേദഗതിയില്‍ എറണാകുളം എംപി സ്വീകരിക്കുന്ന നിലപാട് എന്ത് എന്നറിയാന്‍ തങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെന്നും കുട്ടികള്‍ ചോദിക്കുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഹൈബി ഈഡന് പുറമെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന് എതിരെയും എംപുരാന്‍ വഖഫ് ബോര്‍ഡ് നിയമ ഭേദഗതി വിഷയങ്ങള്‍ കൂട്ടിയിണക്കി പ്രതിഷേധം ഉയരുന്നുണ്ട്. വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്ക്കണമെന്ന് കെസിബിസി ഉള്‍പ്പെടെ ആവശ്യപ്പെടുമ്ബോള്‍ എംപുരാന്‍ സിനിമ വിഷയത്തില്‍ പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത് ചൂണ്ടിക്കാട്ടുകയാണ് പ്രതിഷേധക്കാര്‍. കാസയാണ് ഡീന്‍ കുര്യാക്കോസിന് എതിരായ പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

Facebook Comments Box