ലീഗ് കോട്ടയിൽ സുരക്ഷിതൻ ; ദേശീയ താത്പര്യം തള്ളി രാഹുൽ വീണ്ടും വയനാട്ടിലേക്ക് .
ന്യൂഡൽഹി:
ഭരണ പ്രതീക്ഷ അസ്തമിച്ചതോടെ വടക്കേ ഇന്ത്യഉപേക്ഷിച്ച് സുരക്ഷിത താവളമായ വയനാട്ടിൽ തന്നെ മത്സരിക്കാനുറച്ച് രാഹുൽ ഗാന്ധി .
ഗാന്ധി കുടുംബം തങ്ങളുടെ പഴയ തട്ടകമായ ഉത്തർപ്രദേശിൽ നിന്നും മത്സരിക്കണമെന്ന് വടക്കെ ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും, രാഹുൽ ഗാന്ധിയുടെ പ്രതികരണം അനുകൂലമല്ലായിരുന്നു.
നിലവിലുള്ള സാഹചര്യത്തിൽ രാജ്യത്ത് കോൺഗ്രസിന്റെ സ്ഥിതി വളരെ പരിതാപകമാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നിന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് രാഹുലിന് ആഗ്രഹമുണ്ടെങ്കിലും സഖ്യത്തിലെ പ്രമുഖ കക്ഷികൾക്ക് അതിനോട് യോജിപ്പില്ല. പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് രണ്ടോ മൂന്നോ സീറ്റ് നൽകി ഒതുക്കാനാണ് സഖ്യകക്ഷികൾ ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിൽ കേരളമുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് മുസ്ലിംലീഗിന്റെ സഹായത്തോടെ പരമാവധി സീറ്റ് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രിയങ്ക വദ്ര കർണാടകത്തിലും , സോണിയാ ഗാന്ധി തെലങ്കാനയിലും മത്സരിക്കുമെന്നാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.