Sun. Apr 28th, 2024

ഈ ദുരിതയാത്രയ്ക്ക് ഒരവസാനമില്ലേ…

By admin Dec 16, 2021 #passengers #railway
Keralanewz.com

കൊല്ലം: ട്രെയിന്‍ യാത്രികരുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. കുത്തിനിറച്ച കോച്ചുകളില്‍ കാലുകുത്താനിടമില്ലാതെ അവര്‍ യാത്ര തുടരുകയാണ്.

യാത്രയിലെ ദുരിതങ്ങള്‍ പല തവണ നിരത്തിയിട്ടും അറിഞ്ഞ ഭാവമില്ല റെയില്‍വേ മേലാളന്മാര്‍ക്ക്. ഭൂരിപക്ഷം കോച്ചുകളും ജനറലാക്കി സര്‍വീസ് നടത്തിയിരുന്ന വഞ്ചിനാട്, വേണാട്, ഇന്റര്‍സിറ്റി എക്പ്രസുകളില്‍ ഇപ്പോള്‍ യാത്രക്കാര്‍ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. മണിക്കൂറുകള്‍ നീണ്ട നില്‍പ്പ്,​ ഓഫീസിലെത്താന്‍ വൈകുന്നു.

വഞ്ചിനാട് രാവിലെ കോട്ടയത്ത് എത്തുമ്ബോള്‍ തന്നെ സീറ്റുകള്‍ നിറഞ്ഞിരിക്കും. ചവിട്ടുപടിയിലും ടോയ് ലറ്റ് ഇടനാഴിയിലും മൂന്നര മണിക്കൂറിലധികം നിന്ന് തിരിയാന്‍ പോലും കഴിയാതെ യാത്ര തുടരുകയേ പിന്നെ നിവൃത്തിയുള്ളൂ. കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെ രാജ്യങ്ങള്‍ ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കുമ്ബോഴാണ് റെയില്‍വേയുടെ ഈ അഭ്യാസം എന്ന് ഓര്‍ക്കണം!

മെമുവും പാസഞ്ചറുമില്ല

ജനറല്‍ കോച്ച്‌ കണികാണാനില്ല !

കൊവിഡിന് മുമ്ബ് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ ഓടാത്തതും മലബാര്‍, മാവേലി, ശബരി പോലെ ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കാത്തതുമാണ് അണ്‍ റിസര്‍വ്ഡ് ട്രെയിനുകളിലെ യാത്ര ദുരിതമയമാക്കിയത്. നൂറുശതമാനം ജനറല്‍ കൊച്ചുകളുമായി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന മംഗലാപുരം – കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്സില്‍ ഇപ്പോള്‍ ഒരു കോച്ച്‌ പോലും അണ്‍ റിസര്‍വ്ഡില്ല. അത്യാവശ്യത്തിന് രാത്രി യാത്ര ചെയ്യേണ്ടി വരുന്നവരില്‍ നിന്ന് യാത്രാക്കൂലിയുടെ ഇരട്ടിയും അതിലേറെ പിഴയായും ഈടാക്കി റെയില്‍വേയുടെ കൊളളയടി തുടരുകയുമാണ്.

അവഗണന ഇങ്ങനെ

 യാത്രക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടി ചുരുക്കി

 മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി

 സീസണ്‍ യാത്രകള്‍ പേരിലൊതുക്കി

 പാസഞ്ചര്‍ സര്‍വീസുകള്‍ നാലിലൊന്നാക്കി

 പാസഞ്ചര്‍ നിരക്കുകള്‍ ഒഴിവാക്കി,​ എക്സ്പ്രസ്സ്‌ നിരക്കുകള്‍ കര്‍ശനമാക്കി

 ഹാള്‍ട്ട് സ്റ്റേഷനുകളടക്കം പല സ്റ്റേഷനും റെയില്‍വേ മാപ്പില്‍ നിന്ന് മായിച്ചു കളഞ്ഞു

 ഓഫീസ് സമയം ഒഴിവാക്കി പുതിയ സമയപരിഷ്കരണം നടപ്പാക്കി

 ട്രെയിനുകള്‍ അശാസ്ത്രീയമായി പിടിച്ചിട്ട് ചരക്ക് വണ്ടികളെയും ബൈ വീക്കിലി എക്സ്പ്രസ്സുകളെയും കടത്തി വിടുന്നത് പതിവാക്കി

 ലോക്കോ പൈലറ്റിന്റെ ഒഴിവുകള്‍ നികത്താന്‍ നടപടിയില്ല

കൊവിഡിനെ റെയില്‍വേ ശരിക്കും മുതലാക്കുകയായിരുന്നു. സീസണ്‍ ടിക്കറ്റുകാരോട് ചിറ്റമ്മ നയമാണ്.

മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും. ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തിന് തടസം നില്‍ക്കുന്ന തീരുമാനങ്ങളില്‍ നിന്ന് പിന്മാറണം.

ലിയോണ്‍സ്, സെക്രട്ടറി
ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്

Facebook Comments Box

By admin

Related Post