Kerala News

ആയിരങ്ങളെ സാക്ഷിയാക്കി അനീഷ് ജോസഫിന്റെ അന്ത്യയാത്ര

Keralanewz.com

ഇടുക്കി

കൊച്ചുകാമാക്ഷി ഗ്രാമം ഇതുവരെ കാണാത്ത ജനാവലിയാണ് അനീഷ് ജോസഫിന്റെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷ്യംവഹിച്ചത്.

ഏതാവശ്യത്തിനും ആര്‍ക്കും സമീപിക്കാമായിരുന്ന അനിയുടെ ചിരി മാഞ്ഞത് നാട്ടുകാരില്‍ പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ കശ്‌മീരിലെ ബാരമുള്ളയില്‍ കാവല്‍ ജോലിക്കിടെ ടെന്റിലെ തീപിടിച്ചതോടെ പുറത്തേക്ക്‌ ചാടിയപ്പോള്‍ താഴ്‌ചയിലേക്ക്‌ വീണാണ്‌ ബിഎസ്‌എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ അനീഷ് ജോസഫിന്റെ ജീവന്‍ പൊലിഞ്ഞത്. യൗവനകാലം മുഴുവന്‍ രാജ്യത്തിന്റെ അതിര്‍ത്തി കാത്ത ധീരജവാന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാടുതേങ്ങി. അനീഷ് ജോസഫിന്റെ മരണവിവരം അറിഞ്ഞതോടെ കൊച്ചുകാമാക്ഷി വടുതലക്കുന്നേല്‍ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. ബുധന്‍ രാവിലെ കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ മൃതദേഹം ഏറ്റുവാങ്ങി. എം എം മണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയോടെ സൈന്യത്തിന്റെ വാഹനത്തില്‍ മൃതദേഹം സോള്‍ജിയര്‍ ടീമും ബിഎസ്‌എഫ് അംഗങ്ങളും ചേര്‍ന്ന് കൊച്ചുകാമാക്ഷി വടുതലക്കുന്നേല്‍ വീട്ടിലെത്തിച്ചു.

അനീഷിന്റെ ഭാര്യ സീന എബ്രഹാം പ്രിയപ്പെട്ടവന്റെ മൃതശരീരത്തിനരികില്‍ തളര്‍ന്നിരുന്നു. മക്കളായ എലനയും അലോണയും അനീഷിന്റെ അമ്മ അമ്മിണി, സഹോദരങ്ങളായ ജോളി, ഷേര്‍ളി, റെജി, ആന്റോ ജോസഫ് എന്നിവരും ബന്ധുമിത്രാദികളും വിതുമ്ബിക്കരയുകയായിരുന്നു. ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും തേങ്ങി. പള്ളി അങ്കണത്തെ പൊതുദര്‍ശനത്തിനുശേഷം ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ആദരിച്ചു. തൃശൂര്‍ 88 ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍ അബാനി മാലിക് ദേശീയപതാക അനീഷിന്റെ ഭാര്യ സീനയ്‌ക്ക്‌ കൈമാറി.

കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍, ഇരട്ടയാര്‍, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റുമാരായ ജിന്‍സണ്‍ വര്‍ക്കി, ഷേര്‍ളി ജോസഫ്, കാമാക്ഷി പഞ്ചായത്ത്‌ വെെസ് പ്രസിഡന്റ്‌ റെജി മുക്കാട്ട്, ബിഎസ്‌എഫ് ജമ്മു ഇന്‍സ്‌പെക്ടര്‍ എം സോണല്‍, ഹെഡ് കോണ്‍സ്റ്റബിള്‍ കിഷന്‍കുമാര്‍, സിആര്‍പിഎഫ് ഗാന്ധിനഗര്‍ ഗ്രൂപ്പ് സെന്റര്‍ അസിസ്റ്റന്റ് കമന്‍ഡന്റ് ബിന്ദു മാത്യു, അസിസ്റ്റന്റ് കമന്‍ഡന്റ് ജൂലി ഡാനിയല്‍, കോണ്‍സ്റ്റബിള്‍ മനില്‍ മാത്യു, ശാന്തിഗ്രാം സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി കുഴികുത്തിയാനി, സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി ബി ഷാജി, ലോക്കല്‍ സെക്രട്ടറിമാരായ ലിജു വര്‍ഗീസ്, വി എസ് ഷാജി, പഞ്ചായത്തംഗങ്ങള്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

Facebook Comments Box