Mon. May 6th, 2024

ബിപിന്‍ റാവത്തിന് വിട; മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും, സംസ്‌കാരം നാളെ

By admin Dec 9, 2021 #bipin rawath #homage
Keralanewz.com

ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്കാരം നാളെ നടക്കും.

ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്‍റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാര്‍ലമെന്‍റില്‍ വിശദമായ പ്രസ്താവന നടത്തും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ രാവിലെ 11 മണി മുതല്‍ 2 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. കാമരാജ് മാര്‍ഗില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ഡല്‍ഹി കന്‍റോണ്‍മെന്‍റിലെത്തിക്കും. ബ്രോര്‍ സ്ക്വയറില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകള്‍. അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടു നല്‍കും. ഉത്തരാഖണ്ഡില്‍ മുന്ന് ദിവസം ദു:ഖാചരണം നടത്തും.

രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ രക്ഷപെട്ടത് വരുണ്‍ സിംഗ് മാത്രം

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

ദില്ലിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. പിന്നാലെ മരണ വാര്‍ത്തയും എത്തി.
മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്. അപകടത്തെ കുറിച്ച്‌ പാര്‍ലമെന്റില്‍ ഇന്നലെ തന്നെ വിശദമായ പ്രസ്താവന രാജ്നാഥ് നടത്തുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ അത് ഇന്നത്തേക്ക് മാറ്റി. ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാനുള്ള സാഹചര്യം പരിഗണിച്ചാണ് ഇത് എന്ന് സൂചനയുണ്ട്.

Facebook Comments Box

By admin

Related Post