Sat. Apr 27th, 2024

അദ്ദേഹം പാടിയ നാടന്‍ പാട്ടുകള്‍ ജനമനസില്‍ വരുംകാലത്തുമുണ്ടാകും; നെടുമുടി വേണുവിന്റെ നിര്യാണം കേരള സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്‌ടമെന്ന് മുഖ്യമന്ത്രി

By admin Oct 11, 2021 #homage
Keralanewz.com

തിരുവനന്തപുരം: ഭാവാത്മക തലത്തിലേക്ക് അഭിനയത്തെ ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ് നെടുമുടി വേണുവെന്ന് അനുസ്‌മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം പാടിയ നാടന്‍പാട്ടുകള്‍ ജനമനസില്‍ വരുംകാലത്തുമുണ്ടാകും. അഭിനയത്തിലൂടെ മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷയിലെ ആസ്വാദക മനസിലും അദ്ദേഹം സ്ഥാനംപിടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വ്യത്യസ്‌തതയുള‌ള കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.

‘അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ്.’ മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post