Kerala NewsLocal NewsPolitics

ജാവദേക്കര്‍ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്

Keralanewz.com

തിരുവനന്തപുരം: ഇ.പി. ജ‍യരാജനെ മുഖ്യമന്ത്രി ഒറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഇ.പി. ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാൻ കഴിയുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാം. സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോയെന്നും സതീശൻ ചോദിച്ചു.

ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച്ച എന്തിനായിരുന്നു, രാഷ്ട്രീയമോ ബിസിനസാണോ, കരുവന്നൂർ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോള്‍ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കല്‍ ഡീലുണ്ടാക്കി. പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രി എന്താണ് സംസാരിച്ചതെന്ന് സിപിഎം നേതൃത്വം മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ഇത്ര മോശമായ തെരെഞ്ഞെടുപ്പ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. വോട്ടിംഗ് മെഷീൻ വ്യാപകമായി കേടായി. തെരെഞ്ഞെടുപ്പില്‍ ഇതനുസരിച്ച്‌ സമയം നീട്ടി നല്‍കിയില്ല. വിശദമായ അന്വേഷണം വേണം. ആർക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ ഉണ്ടായെന്നും സതീശൻ പറഞ്ഞു.

കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ഇതും ഒരു കാരണമാണ്. വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയില്ല. തെരെഞ്ഞെടുപ്പില്‍ 20-20 വിജയം ഉറപ്പാണ്.

മുന്നണിയില്‍ ഒരു അപസ്വരവുമില്ലാതെയാണ് തെരെഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. അതാണ് 20-20 ആത്മവിശ്വാസത്തിന് കാരണം. അത് കൂട്ടായ്മയുടെ വിജയമാണ്. ഒരു സീറ്റെങ്കിലും പോയാല്‍ പരിശോധിക്കും. തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും സതീശൻ വ്യക്തമാക്കി.

Facebook Comments Box