Thu. May 9th, 2024

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

By admin Apr 27, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസവും പീക്ക് ടൈം വൈദ്യുതി ആവശ്യകത പുതിയ സർവകാല റെക്കോർഡില്‍ എത്തി.

വെള്ളിയാഴ്ച ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ടിലേക്കാണ് എത്തിയത്. 104.86 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ കേരളത്തിലെ ആകെ വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ വലിയ കുറവ് വരാനുള്ള സാധ്യതയുമില്ല.

ഉപഭോഗം കൂടുന്ന സാഹചര്യത്തിലും വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കുന്നത് സമൂഹത്തിനാകെ ഗുണകരമായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്ബോള്‍, ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും. പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.

പീക്ക് സമയത്ത് ഇലക്‌ട്രിക് സ്കൂട്ടര്‍ ചാര്‍ജ്ജിംഗ് ഒഴിവാക്കിയാല്‍ ഇതിന് വേണ്ടുന്ന വൈദ്യുതി ഉപയോഗിച്ച്‌ രണ്ട് 9 വാട്സ് എല്‍.ഇ.ഡി. ബള്‍ബ്, രണ്ട് 20 വാട്സ് എല്‍.ഇ.ഡി. റ്റ്യൂബ്, 30 വാട്സിന്റെ 2 ബി.എല്‍.ഡി.സി. ഫാനുകള്‍, 25 ഡിഗ്രി സെന്റീഗ്രേഡില്‍ കുറയാതെ പ്രവര്‍ത്തിക്കുന്ന ഒരു ടണ്ണിന്റെ ഒരു ഫൈവ് സ്റ്റാര്‍ എ.സി. എന്നിവ ഏകദേശം 6 മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ഇതിനു പുറമെ പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നതുകാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാം.

Facebook Comments Box

By admin

Related Post