Sun. May 19th, 2024

സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി

By admin May 8, 2024
Keralanewz.com

ഡല്‍ഹി: വീടുകളില്‍നിന്ന് സാനിറ്ററി നാപ്കിനുകള്‍, മുതിര്‍ന്നവരുടെ ഡയപ്പറുകള്‍ തുടങ്ങിയ സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി.

കൊച്ചി കോര്‍പ്പറേഷനെ മുന്‍നിര്‍ത്തി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വീടുകളില്‍നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ വിസമ്മതിക്കുന്നെന്നും അതുവഴി സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവരോട് വിവേചനം കാണിക്കുന്നെന്നും ആരോപിച്ച്‌ അഭിഭാഷക ഇന്ദുവര്‍മ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ഖരമാലിന്യത്തിനൊപ്പം നല്‍കുന്ന സാനിറ്ററി മാലിന്യത്തിന് എന്തിനാണ് പ്രത്യേകം ഫീസ് ഈടാക്കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ. വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വാക്കാല്‍ ആരാഞ്ഞു. സ്‌കൂളുകളില്‍ സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നത് പ്രോത്സാഹിപ്പിക്കുമ്ബോള്‍ അവ ഉപയോഗശേഷം സംസ്‌കരിക്കുന്നതിന് അധികതുക നല്‍കണമെന്നത് പരസ്പര വിരുദ്ധമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തില്‍ വിശദീകരണംതേടിയ കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആറാഴ്ചത്തെ സമയം സംസ്ഥാനസര്‍ക്കാരിനും കോര്‍പ്പറേഷനും അനുവദിച്ചു.

ഖരമാലിന്യ സംസ്‌കരണച്ചട്ടം 2016 പ്രകാരം വീടുതോറും മാലിന്യം ശേഖരിക്കുന്നതിനുള്ള ഉപയോക്തൃ ഫീസില്‍ സാനിറ്ററി മാലിന്യത്തിന് സംസ്‌കരണ ഫീസും കേരളസംസ്ഥാനം ചുമത്തിയിട്ടുണ്ടെന്നിരിക്കേ എന്തിനാണ് അധികഫീസെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഒപ്പം കോര്‍പ്പറേഷനുമായി ബന്ധമില്ലാത്ത മൂന്നാമതൊരാള്‍ മാലിന്യശേഖരണത്തിന് എത്തുന്നത് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നിയമാനുസൃതമായ ഉപയോക്തൃ ഫീസാണ് ഈടാക്കുന്നതെന്നാണ് കേരളത്തിന്റെ അഭിഭാഷകന്റെ മറുപടി.

അധികതുക സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനല്ല സംസ്‌കരിക്കുന്നതിനാണ് ഈടാക്കുന്നത്. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല. അധികതുക ഈടാക്കുന്ന നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ ഇടപെടാത്ത കോടതി, ഹര്‍ജി തുടര്‍വാദത്തിനായി ജൂലായിലേക്ക് മാറ്റി

Facebook Comments Box

By admin

Related Post