Sun. May 19th, 2024

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ മഴ; നാളെ വൈകുന്നേരം മുതല്‍ ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാൻ സാധ്യത..

By admin May 7, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ കൃത്യസമയത്ത് തന്നെ ലഭിക്കാനാണ് സാധ്യതയെങ്കിലും മേയ് 15 ന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവൂ എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് അർദ്ധ രാത്രി മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. നാളെ വൈകീട്ട് മുതല്‍ വടക്കൻ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായി ലഭിച്ചേക്കും. മധ്യ – തെക്കൻ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. എന്നാല്‍ അടുത്ത ആഴ്ച മധ്യ – തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.

ശക്തമായ മഴ സാധ്യത കണക്കാക്കി 9 ന് മലപ്പുറം, വയനാട് ജില്ലകളിലും 10 ന് ഇടുക്കി ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 15 ന് ശേഷം അറബിക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ മണ്‍സൂണ്‍ കൃത്യ സമയത്ത് തന്നെ ലഭിക്കുമെന്നും സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കാമെന്നുമാണ് പറയുന്നത്.

അതേ സമയം, ഈ മാസാവസാനം വരെ ചൂടിന് കുറവ് ഉണ്ടാകില്ല, ഇന്നലെ പകല്‍ പാലക്കാട് രേഖപ്പെടുത്തിയത് 39. 4 ഡിഗ്രി സെല്‍ഷ്യസ് ആണ്. കനത്ത ചൂട് 3 ദിവസം തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രാത്രികാല താപനില മുന്നറിയപ്പുണ്ട്. രാത്രിയിലും പുലർച്ചെയും 30 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില കൂടുതല്‍ ഇടങ്ങളില്‍ രേഖപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കും ആലപ്പുഴയ്ക്ക് പുറമെ തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താൻ സാധ്യതയെന്നും കാലാവസ്ഥ അറിയിച്ചു.

Facebook Comments Box

By admin

Related Post