Kerala NewsLocal News

ചിന്നക്കനാല്‍ ഭൂമി കയ്യേറ്റ കേസ്; ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും ഭൂമി വാങ്ങി, മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്‌ഐആര്‍

Keralanewz.com

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്‌ഐആര്‍. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16ാം പ്രതിയാണ് മാത്യു കുഴല്‍നാടൻ.

ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടൻ ഭൂമി വാങ്ങിയെന്ന് എഫ്‌ഐആര്‍.

ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് ഇന്നലെ വൈകീട്ടോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ സമർപ്പിക്കും. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് കേസില്‍ ഒന്നാം പ്രതി.

ആധാരത്തില്‍ വില കുറച്ച്‌ കാണിച്ച്‌ ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴല്‍നാടന്‍റെ ചിന്നക്കനാലിലെ ഭൂമി ഇടപാട് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.

2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെന്‍റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടന്‍റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാള്‍ കൂടുതല്‍ കാണിച്ചുവെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴല്‍നാടന്‍ പ്രതിരോധിച്ചു. മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുത്തതിന്‍റെ പ്രതികാരമായുള്ള വേട്ടയാടലാണെന്നായിരുന്നു മാത്യു കുഴല്‍നാടന്‍റെ വാദം.

Facebook Comments Box