Sun. May 19th, 2024

എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്

By admin May 8, 2024
Keralanewz.com

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.7 ആയിരുന്നു വിജയശതമാനം.

വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും മന്ത്രി ശിവൻകുട്ടി അഭിനന്ദിച്ചു.

4,27,105 പേരാണ് പരീക്ഷയെഴുതിയത്. 4,25,563 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 71,831 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണക്കേക്കാള്‍ കൂടുതലാണിത്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,934 പേർക്കാണ് ജില്ലയില്‍ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം ആയിരുന്നു.

ഏറ്റവും കൂടുതല്‍ വിജയശതമാനം കോട്ടയത്താണ് (99.92 ശതമാനം). കുറവ് തിരുവനന്തപുരത്തും (99.08 ശതമാനം). പാലാ വിദ്യാഭ്യാസ ജില്ലയില്‍ 100 ശതമാനം വിജയമാണ്. 892 സർക്കാർ സ്‌കൂളികള്‍ക്ക് 100 ശതമാനം വിജയം നേടി.ലക്ഷദ്വീപില്‍ 285 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 277 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. അതായത് 97.19 ശതമാനം.

ജൂണ്‍ ആദ്യവാരം മുതല്‍ സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് നാളെ മുതല്‍ പതിനഞ്ച് വരെ അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു. മേയ് 28 മുതല്‍ ജൂണ്‍ ആറ് വരെയാണ് സേ പരീക്ഷ.

അടുത്തവർഷം മുതല്‍ പരീക്ഷാ രീതിയില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നും ഓരോ വിഷയത്തിലും ജയിക്കാൻ മിനിമം പന്ത്രണ്ട് മാർക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലം നാല് മണിക്ക് https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാകും.എസ്.എസ്.എല്‍.സി. ഫലം പി.ആർ.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റർ നമ്ബർ നല്‍കിയാല്‍ മതി. ക്ലൗഡ് ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച്‌ ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് ഉള്ളതിനാല്‍ ഫലം തടസമില്ലാതെ ലഭ്യമാകും. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കഴിഞ്ഞ വർഷം മേയ് 19 നായിരുന്നു ഫലപ്രഖ്യാപനം.

രണ്ടാം വർഷ ഹയർ സെക്കൻഡറി,വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നാളെ നടത്തും. കഴിഞ്ഞ വർഷം മേയ് 25 നായിരുന്നു ഫലപ്രഖ്യാപനം. ഹയർ സെക്കൻഡറി ഫലം www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in വെബ്സൈറ്റുകളില്‍ ലഭ്യമാകും. വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.nic.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

Facebook Comments Box

By admin

Related Post