National NewsPolitics

വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വോട്ടിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ്: വിശദീകരണം തേടി സുപ്രീംകോടതി

Keralanewz.com

ഡല്‍ഹി: പോളിങ് കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം പോളിങ് ശതമാനത്തിലുണ്ടായ വർധനവ് വിശദീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ച്‌ സുപ്രീംകോടതി.
വോട്ടെടുപ്പ് കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം അന്തിമ വോട്ടിങ് ശതമാനത്തില്‍ വരുന്ന വലിയ വർധനവ് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന എൻജിഒ നല്‍കിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നിർദേശം.
മെയ് 24 നകം എഡിആറിൻ്റെ ഹർജിയില്‍ പ്രതികരണം സമർപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടിരിക്കുന്നത്. പോളിംഗ് അവസാനിച്ച്‌ 48 മണിക്കൂറിനുള്ളില്‍ തന്നെ വോട്ടിംഗ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു എഡിആറിന്റെ ആവശ്യം.

“വെബ്‌സൈറ്റില്‍ വോട്ടിംഗ് ഡാറ്റ നല്‍കുന്നതില്‍ എന്താണ് ബുദ്ധിമുട്ട്” എന്ന് ഹർജി പരിഗണിക്കവെ സുപ്രീംകോടതി ബെഞ്ച് ചോദിച്ചപ്പോള്‍, “ഞങ്ങള്‍ക്ക് ധാരാളം ഡാറ്റ ശേഖരിക്കേണ്ടതിനാല്‍ സമയമെടുത്തു” എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞത്. അതേസമയം, രാജ്യത്തെ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറുകളിലേക്ക് തിരികെ വരാനുള്ള എഡിആറിൻ്റെ അപേക്ഷയും ഇവിഎമ്മുകളെക്കുറിച്ചുള്ള സംശയവും സുപ്രീം കോടതി ഏപ്രില്‍ 26 ന് തള്ളിയിരുന്നു.
ഞങ്ങളുടെ അഭിപ്രായത്തില്‍ ഇവിഎമ്മുകള്‍ ലളിതവും സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമാണ്. വോട്ടർമാർ, സ്ഥാനാർത്ഥികള്‍, അവരുടെ പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥർ എന്നിവർക്ക് ഇവിഎം സംവിധാനത്തിൻ്റെ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ അറിയാം. വിവിപാറ്റ് സംവിധാനം കൊണ്ടുവന്നത് വിശ്വാസ്യത ശക്തിപ്പെടുത്തുകയും അതുവഴി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മൊത്തത്തിലുള്ള ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.” എന്നായിരുന്നു ജസ്റ്റിസുമാരായ ഖന്നയും ദത്തയും അന്ന് വ്യക്തമാക്കിയത്.
അതേസമയം, എൻജിഒയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ജസ്റ്റിസുമാരുടെ ബെഞ്ചും ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പാനലിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ഇതിനോടകം ഉത്തരം നല്‍കിയിട്ടുണ്ടെന്ന് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് വ്യക്തമാക്കി. സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയങ്ങള്‍ക്ക് ശേഷമായിരുന്നു ഏപ്രില്‍ 26ന് ‘ബാക്ക് ടു ബാലറ്റ്’ ഹർജി തള്ളുകയും ഇവിഎമ്മുകള്‍ക്കെതിരായ സംശയങ്ങളില്‍ ന്യായമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തത്.

ഒരു ഹർജിയിലൂടെ എന്തും കോടതിക്ക് മുമ്ബില്‍ കൊണ്ടുവരാമെന്നാണ് ഭൂഷണ്‍ കരുതുന്നത്. ഈ ഹർജി കോടതി പരിഗണിക്കരുത്. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താനുള്ള ശ്രമാങ്ങളാണ് ഇവ. നാല് ഘട്ട തിരഞ്ഞെടുപ്പ് ഇതിനോടകം മികച്ച രീതിയില്‍ പൂർത്തീകരിച്ചിട്ടുണ്ടെന്നും മനീന്ദർ സിംഗ് ചൂണ്ടിക്കാട്ടി.

അതേസമയം, പ്രശാന്ത് ഭൂഷണിന് മുൻഗണന നല്‍കിയെന്ന ആരോപണം ബെഞ്ച് നിഷേധിക്കുകയും രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു “അത് തെറ്റായ ആരോപണമാണ്. ഒരു പ്രശ്‌നത്തിന് കോടതിയുടെ ശ്രദ്ധയും ഇടപെടലും ആവശ്യമാണെന്ന് കണ്ടെത്തിയാല്‍, ആരാണ് അത് കോടതിയില്‍ കൊണ്ടുവന്നത് എന്നത് പരിഗണിക്കാതെ തന്നെ ഞങ്ങള്‍ അത് ചെയ്യും. ആവശ്യമെങ്കില്‍, ഞങ്ങള്‍ ഒരു കാര്യം കേള്‍ക്കാൻ രാത്രി മുഴുവൻ ഇരിക്കും.” സുപ്രീംകോടതി വ്യക്തമാക്കി. വാസ്തവത്തില്‍, ഷെഡ്യൂള്‍ ചെയ്ത പ്രവൃത്തി സമയം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, അതായത് വൈകുന്നേരം 6.10 നായിരുന്നു ബെഞ്ച് ഹർജി പരിഗണിച്ചത്.

Facebook Comments Box