Sat. Jul 27th, 2024

ശ്വസനേന്ദ്രിയ പ്രശ്നങ്ങള്‍ മുതല്‍ ആര്‍ത്തവ തകരാറുകള്‍ വരെ; കോവാക്സിൻ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

By admin May 17, 2024
Keralanewz.com

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

926 പേരെ ഒരുവർഷത്തോളം നിരീക്ഷിച്ച്‌ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇവരില്‍ അമ്ബതുശതമാനം പേർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച്‌ ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്ബിനെ ബാധിക്കുന്ന രോഗങ്ങള്‍, ചർമരോഗങ്ങള്‍ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. പഠനവുമായി ബന്ധപ്പെട്ട് നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആർത്തവ സംബന്ധമായ തകരാറുകള്‍, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലൻ ബാർ സിൻഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തില്‍ പറയുന്നു. അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങള്‍ കൂടുതല്‍ കണ്ടതെന്നും വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നുണ്ട്.

കോവിഷീല്‍ഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച്‌ നിർമാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആഗോളതലത്തില്‍നിന്ന് അത്
പിൻവലിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്.കോവിഷീല്‍ഡ് വിവാദങ്ങള്‍ക്കു പിന്നാലെ കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന്വ്യക്തമാക്കി ഭാരത് ബയോടെക് നേരത്തേ രംഗത്തെത്തിയിരുന്നു. പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിൻ വികസിപ്പിച്ചതെന്നും ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിൻ കോവാക്സിനാണെന്നും കമ്ബനി അവകാശപ്പെട്ടിരുന്നു,

കോവിഡ് വാക്സിന്റെ ഫലപ്രാപ്തിക്ക് ഹ്രസ്വകാലയളവേ ഉള്ളുവെങ്കിലും ആളുകളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ആഘാതമുണ്ടായാല്‍ അത് ജീവിതകാലം മുഴുവൻ നിലനില്‍ക്കുമെന്ന് കമ്ബനിക്ക് അറിയാമായിരുന്നുവെന്നും തങ്ങളുടെ എല്ലാ വാക്സിനുകളുടെയും പ്രധാനശ്രദ്ധ സുരക്ഷിതത്വത്തിലായിരുന്നുവെന്നും ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയില്‍ നല്‍കിവന്നിരുന്ന വാക്സിനുകളാണ് കോവിഷീല്‍ഡും കോവാക്സിനും. യു.കെ. ഹൈക്കോടതിക്ക് മുമ്ബാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്സിൻ അപൂർവസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് ആസ്ട്രസെനെക്ക കമ്ബനി അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീല്‍ഡ് കാരണമാകാമെന്നാണ് കമ്ബനി മറുപടി നല്‍കിയത്.

യു.കെയില്‍നിന്നുള്ള ജാമി സ്കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങള്‍ ഉയർന്നത്. 2021 ഏപ്രിലില്‍ വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനല്‍കിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്. തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്ബിലെത്തിയ പരാതിയില്‍ വളരെ അപൂർവമായ കേസുകളില്‍ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീല്‍ഡ് കാരണമാകാമെന്ന് കമ്ബനി മറുപടി നല്‍കിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേല്‍പ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കില്‍ക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്ബനി പറയുകയുണ്ടായി. എന്നാല്‍, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിരുന്നു.

എന്നാല്‍ അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ പറഞ്ഞിരുന്നു. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പത്തു ലക്ഷത്തില്‍ ഏഴോ എട്ടോ വ്യക്തികളില്‍ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം ഉണ്ടായേക്കാവുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്റെ ആദ്യഡോസ് എടുക്കുമ്ബോഴാണ് സാധ്യത കൂടുതലുള്ളത്, രണ്ടാമത്തേത് എടുക്കുമ്ബോഴേക്കും വീണ്ടും കുറയുകയും മൂന്നാം ഡോസ് സമയമാകുമ്ബോഴേക്കും തീരെ കുറയുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. വാക്സിന്റെ പാർശ്വഫലം ഉണ്ടാവുകയാണെങ്കില്‍ത്തന്നെ അത് ആദ്യ രണ്ടു മൂന്നു മാസത്തിനുള്ളില്‍ പ്രകടമാവുമെന്നും ഡോ. രാമൻ പറഞ്ഞിരുന്നു

Facebook Comments Box

By admin

Related Post