National NewsPolitics

ഇത്തവണ രാം ലല്ല ആയിരുന്നെങ്കില്‍ 2029ല്‍ എന്ത്? ഇപ്പോഴേ വെളിപ്പെടുത്തി അമിത് ഷാ

Keralanewz.com

പാട്‌ന: ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയർത്തിക്കാട്ടിയ ഏറ്റവും വലിയ പ്രചാരണവിഷയം അയോദ്ധ്യയിലെ രാമക്ഷേത്രവും രാം ലല്ലയും തന്നെയായിരുന്നു.

ലോകം ശ്രദ്ധിക്കുന്ന തരത്തില്‍ തന്നെ അയോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്‌ഠ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തുകയും ചെയ‌്തു. ഇപ്പോഴിതാ മറ്റൊരു പ്രതിഷ്‌ഠാ ചടങ്ങിന്റെ കാര്യം കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും പാർട്ടിയിലെ രണ്ടാമനുമായ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ബിഹാറിലെ സീതാമർഹിയില്‍ സീതാ ദേവിയുടെ ക്ഷേത്രം ബിജെപി പണി കഴിപ്പിക്കുമെന്നാണ് ഷായുടെ പ്രഖ്യാപനം.

”ഞങ്ങള്‍ ബിജെപിക്കാ‌ർ വോട്ട് ബാങ്കിനെ ഭയക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാം ലല്ലയുടെ അമ്ബലം പണിതു കഴിഞ്ഞു. ഇനി വേണ്ടത് അമ്മ സീതയ്‌ക്ക് വേണ്ടിയുള്ളതാണ്. രാമക്ഷേത്രത്തില്‍ നിന്ന് അകലം പാലിച്ചവർക്ക് അതിന് കഴിയില്ല. അതിന് ആർക്കെങ്കിലും കഴിയുമെങ്കില്‍ അത് നരേന്ദ്ര മോദിക്ക് മാത്രമാണ്”-ഷാ പറഞ്ഞു.

ഹിന്ദു ഐതിഹ്യപ്രകാരം, നിലമുഴുതപ്പോള്‍ ജനകമഹാരാജാവിന് സീതാദേവിയെ കിട്ടിയ സ്ഥലമാണ് സീതാമർഹി. ഇന്ന് ബിഹാറിലെ 40 നിയോജക മണ്ഡലങ്ങളില്‍ ഒന്നാണിത്. മേയ് 20നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 40ല്‍ 39 സീറ്റുകള്‍ നേടി എൻഡിഎ സഖ്യം ബിഹാർ തൂത്തുവാരിയിരുന്നു.

നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയുമ്ബോള്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറില്ലെന്ന് അമിത് ഷാ ആവർത്തിച്ചു. 2029വരെ മോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകും. അതു കഴിഞ്ഞും മോദി തന്നെ തിരഞ്ഞെടുപ്പില്‍ പാർട്ടിയെ നയിക്കും-അമിത് ഷാ വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മോദി അടുത്ത വർഷം 75 വയസാകുമ്ബോള്‍ വിരമിക്കുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും ആംആദ്‌മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞിരുന്നു. കേജ്‌രിവാളിന് സന്തോഷിക്കാൻ ഒരു വകയുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്.

Facebook Comments Box