ഗുജറാത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഇഫ്‌കോയുടെ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അമിത് ഷായുടെ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി.
ബി.ജെ.പിയുടെ സഹകരണ സെല്‍ കോര്‍ഡിനേറ്റര്‍ ബിപിന്‍ പട്ടേലാണ് പരാജയപ്പെട്ടത്. ഗുജറാത്തിലെ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ജയേഷ് റഡാദിയയാണ് വിജയിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പിയില്‍ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായാണ് അമിത്ഷായും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും പിന്തുണച്ച സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. റഡാദിയയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ വേണ്ടി അമിത് ഷാ റഡാദിയയുടെ വീട്ടിലെത്തി കണ്ടിരുന്നെങ്കിലും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ അമിത്ഷായുടെ സ്ഥാനാര്‍ത്ഥി ബിപിന്‍ പട്ടേലിന് വേണ്ടി നേരിട്ടിറങ്ങിയിരുന്നെങ്കിലും വലിയ ഭൂരിപക്ഷത്തിന് എതിര്‍സ്ഥാനാര്‍ത്ഥി ജയിക്കുകയാണുണ്ടായത്. ഇതോടെ ഗുജറാത്തിലെ ബി.ജെ.പിയില്‍ രൂപപ്പെട്ട വിഭാഗീയത കൂടുതല്‍ രൂക്ഷമായിരിക്കുകയായണ്.