AccidentKerala NewsNational News

അര്‍ജുന്‍ രക്ഷാദൗത്യം പ്രതീക്ഷ നഷ്ടപ്പെട്ടു. മണ്ണിനടിയില്‍ ലോറിയില്ലെന്ന് സ്ഥിരീകരിച്ച്‌ കര്‍ണാടക സർക്കാർ.

Keralanewz.com

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുരോഗമിക്കുമ്ബോള്‍ റഡാര്‍ സിഗ്‌നല്‍ നല്‍കിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂര്‍ത്തിയാക്കിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ.
സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്തെന്നും ഇതില്‍ ലോറിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൊട്ടടുത്ത പുഴയില്‍ ചെറുദ്വീപ് പോലെ മണ്‍കൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തെരച്ചില്‍ തുടരും. എല്ലാ സാധ്യതകളും പരിശോധിക്കും. തെരച്ചില്‍ ആംഭിച്ച്‌ ആറ് ദിവസമാകുമ്ബോള്‍ കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. മഴയത്തും സൈന്യവും, അഗ്‌നിശമന സേനയും, പൊലീസും, നാവിക സേനയും ചേര്‍ന്ന് രക്ഷാ ദൗത്യം ഊര്‍ജിതമാക്കുകയാണെന്ന് കൃഷ്ണബൈരെ ഗൗഡ വ്യക്തമാക്കി.

ബെലഗാവിയില്‍ നിന്നുള്ള നാല്‍പതംഗ സൈന്യമാണ് അര്‍ജുനായുള്ള തെരച്ചിലിന് ഷിരൂരിലെത്തിയിരിക്കുന്നത്. വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് സ്ഥലത്ത് തെരച്ചില്‍ നടത്തുന്നത്. കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കാണാതായി ആറ് ദിവസം പിന്നിടുമ്ബോഴും കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവത്തില്‍ പ്രതിഷേധിച്ച്‌ കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും രംഗത്തെത്തി.

നാവിക സേനയുടെ സ്‌കൂബാ അംഗങ്ങള്‍ പുഴയില്‍ മുങ്ങി തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും സംശയസ്പദമായ വിധത്തില്‍ ഒന്നും തന്നെ പുഴയില്‍ കാണാനില്ലെന്ന് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുഴയില്‍ ഇപ്പോള്‍ രൂപപ്പെട്ട മണ്ണുമലയുടെ അടിഭാഗം സൈന്യത്തിന്റെ നിര്‍ദേശപ്രകാരം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Facebook Comments Box