Kerala News

വോട്ടർ തിരിച്ചറിയൽ കാർഡ് ഇനി സ്പീഡ് പോസ്റ്റ് വഴി

Keralanewz.com

കോന്നി : വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നവരുടെ തിരിച്ചറിയൽകാർഡ് സ്പീഡ് പോസ്റ്റ് വഴി ലഭ്യമാക്കുന്ന സംവിധാനം തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇത് ആവിഷ്കരിച്ചത്. കേരളത്തിലെ 28 പോസ്റ്റൽ ഡിവിഷനുകളുടെ പരിധിയിലുള്ള തപാൽ ഒാഫീസുകൾ വഴിയാണ് വിതരണം.

കഴിഞ്ഞ കാലങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാരായിരുന്നു കാർഡ് മേൽവിലാസക്കാരന് എത്തിച്ചിരുന്നത്. ഇതിൽ പക്ഷഭേദം കാട്ടുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ പലർക്കും തിരിച്ചറിയൽ കാർഡ് യഥാസമയം കിട്ടുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇതായിരുന്നു അവസ്ഥ.

പരാതി ഒഴിവാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യവ്യാപകമായി തപാൽ സേവനത്തിലൂടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യാൻ ഏർപ്പാടാക്കിയത്.

ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും തപാൽ വകുപ്പും രണ്ടുവർഷത്തെ കരാറിലും ഒപ്പിട്ടു. പുതിയ സംവിധാനം കേരളത്തിൽ നിലവിൽ വന്നിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ.

40,000 തിരിച്ചറിയൽ കാർഡുകൾ ഇതിനകം തപാൽവകുപ്പ് എത്തിച്ചുനൽകി. തിരിച്ചറിയൽ കാർഡുകൾ ജില്ലാതല തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് വന്നശേഷം താലൂക്ക് ഓഫീസിലേക്ക് കൈമാറും. അവിടെനിന്ന് ബാർകോഡ് സഹിതം മേൽവിലാസക്കാരന് തപാൽ വകുപ്പിന്‍റെ സ്പീഡ് പോസ്റ്റ് മുഖാന്തരം വിതരണം ചെയ്യുകയാണ്.

2021 ഏപ്രിൽമുതൽ ഡിസംബർവരെ വോട്ടർപട്ടികയിൽ പേരുചേർത്തവർക്കുള്ള തിരിച്ചറിയൽ കാർഡാണ് ഇപ്പോൾ നൽകുന്നത്.

തിരിച്ചറിയൽ കാർഡിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ലഘുലേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തപാൽ വകുപ്പിന് ചാർജിനത്തിൽ നല്ലൊരു വരുമാനവും ഇതുവഴി കിട്ടുന്നുണ്ട്

Facebook Comments Box