മാലിന്യ സംസ്കരണത്തിന് നടപടി സ്വീകരിക്കാൻ സെക്രട്ടറിയേറ്റ് മാർച്ച് എത്തിയ സമരക്കാരെ പോലീസ് നേരിട്ടത് ജലപീരങ്കി കൊണ്ട്. 13 സമരക്കാരെ നേരിടാൻ 50ൽ പരം പോലീസ്. രണ്ട് ബക്കറ്റ് വെള്ളത്തിൽ തീരാവുന്ന സമരം തീർക്കാൻ ജലപീരങ്കിയും.

തിരുവനന്തപുരം:മാലിന്യ സംസ്കരണത്തിന് നടപടി സ്വീകരിക്കാൻ സെക്രട്ടറിയേറ്റ് മാർച്ച് എത്തിയ സമരക്കാരെ പോലീസ് നേരിട്ടത് ജലപീരങ്കി കൊണ്ട്. 13 സമരക്കാരെ നേരിടാൻ 50ൽ പരം പോലീസ്. സമരം പൊളിഞ്ഞതിന്റെ ജാള്യത മറക്കാനും മാധ്യമ ശ്രദ്ധ നേടാനും പോലീസുകാരെ ആക്രമിക്കലും തൊപ്പി തട്ടിപ്പറിക്കലും. പ്രതീക്ഷിച്ചത് ലാത്തിച്ചാർജ് കിട്ടിയത് ജലപീരങ്കി. ഉടയാത്ത ഖദർഷർട്ട് പിഴിഞ്ഞുടുത്ത് ഇളിഭ്യരായി സമരക്കാർ . തലസ്ഥാനം സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ സമരം. നേതൃത്വം കൊടുത്തത് ജോസഫ് വിഭാഗം യൂത്തന്മാർ .
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം വ്യത്യസ്തങ്ങളായ പല സമര പോരാട്ടങ്ങൾക്ക് നിത്യേന സാക്ഷ്യം വഹിക്കുന്ന നഗരമാണ്. പ്രത്യേകിച്ച് നിയമസഭ സമ്മേളിക്കുന്ന സമയത്ത് പ്രതിപക്ഷ കക്ഷികൾ നിയമസഭ മന്ദിരത്തിലേക്കും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്താറുണ്ട്. പല പ്രതിഷേധ മാർച്ചുകളും സംഘടനയുടെ ശക്തിക്ക് അനുസരിച്ച് സംഘർഷഭരിതമായി മാറാറുമുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ വലതുപക്ഷ സംഘടനകളും, ബിജെപിയുടെ യുവമോർച്ചയും മഹിളാമോർച്ചയും എബിവിപിയും ഒക്കെ സമരം ചെയ്യുമ്പോൾ ആവേശം മൂത്ത് പോലീസിനെ കല്ലെറിയുകയും അവരെ പിടിച്ച് തള്ളുകയും ഒക്കെ ചെയ്ത് ലാത്തിച്ചാർജ്, ജലപീരങ്കി, കണ്ണീർ വാതകം അടക്കമുള്ള മർദ്ദന മുറകൾ ഏറ്റുവാങ്ങി സമരം കൊഴുപ്പിക്കുന്നത് തലസ്ഥാനത്തെ പതിവ് കാഴ്ചയാണ്.
പല സമരങ്ങളും വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കുവാനായി മനപ്പൂർവ്വം പോലീസിനെ കയ്യേറ്റം ചെയ്യുന്നതും അണികളെ കൊണ്ട് തല്ല് ചോദിച്ചു മേടിക്കുന്നതും തുടർന്ന് അതിൻറെ പേരിൽ വീണ്ടും ഒരു സമരം കൂടി നടത്തുവാൻ വഴിയൊരുക്കുകയും ചെയ്യുന്നതും പുതുമയുള്ള കാഴ്ചയല്ല. ചില സമരങ്ങൾ കാഴ്ചക്കാർക്ക് കണ്ണിന് വിരുന്നാകാറുണ്ട്. മറ്റു ചിലത് തമാശയ്ക്കുള്ള വകയും. അത്തരത്തിലുള്ള ഒരു സമരമാണ് കഴിഞ്ഞദിവസം തലസ്ഥാനനഗരിയിൽ അരങ്ങേറിയത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻറെ യുവജന സംഘടനയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ആയിരുന്നു കാണികളിൽ കൗതുക മുണർത്തിയത്. മാർച്ചിന് എത്തിയത് 8 യുവജനങ്ങളും 5 മധ്യവയസ്കരും ഉൾപ്പടെ ആകെ 13 പേർ. ഇവരെ കൂടാതെ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി, പാർട്ടി ചെയർമാനായ പി.ജെ ജോസഫിന്റെ മകനും ഉന്നതാധികാരസമിതി അംഗവുമായ അപ്പു ജോൺ ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് കെ വി കണ്ണൻ എന്നിവരും അങ്ങനെ 16 പേർ. സെക്രട്ടറിയേറ്റ് മാർച്ച് എന്ന പേരും സംഘടനയുടെ വലുപ്പവും തിരുവനന്തപുരത്തെ പോലീസുകാർക്ക് അറിയില്ലാത്തത് കൊണ്ടും. ജലപീരങ്കി അടക്കം രണ്ടു വലിയ വാനുകൾ, മൂന്ന് വണ്ടി നിറച്ച് പോലീസുകാർ, രണ്ട് സർക്കിൾ ഇൻസ്പെക്ടർ, നാല് എസ്ഐമാർ എന്നിങ്ങനെ 50 ഓളം പോലീസുകാർ സെക്രട്ടറിയേറ്റിന്റെ സുരക്ഷയ്ക്കായി രംഗത്തുണ്ടായിരുന്നു. സ്റ്റാച്യു ജംഗ്ഷനിൽ നിന്നും 13 പേരുടെ പ്രകടനം കണ്ടതോടെ വലിയ കോലാഹലം പ്രതീക്ഷിച്ചിരുന്ന പോലീസുകാരും നാട്ടുകാരും ഊറി ചിരിക്കാൻ തുടങ്ങി. പക്ഷേ സമരക്കാരെ സമ്മതിക്കണം 10000 പേർ പുറകിൽ ഉണ്ടെന്നുള്ള മട്ടിലായിരുന്നു നേതാക്കന്മാരുടെ നടപ്പും ഭാവവും. സമരത്തിന് അഭിവാദ്യമർപ്പിക്കാൻ എത്തിയവരും ഉദ്ഘാടകനായ അപ്പു ജോസഫും തങ്ങൾക്ക് പറ്റിയ അബദ്ധം പുറമേ കാണിക്കാതിരിക്കാൻ പെടാപ്പാട് പെടുന്നുണ്ടായിരുന്നു. 15 മിനിറ്റ് കൊണ്ട് ഉദ്ഘാടനവും അധ്യക്ഷ പ്രസംഗം സ്വാഗതവും അഭിവാദ്യ പ്രസംഗവും പൂർത്തീകരിച്ചു. തുടർന്നായിരുന്നു ആരും പ്രതീക്ഷിക്കാത്ത കലാപരിപാടികൾ അരങ്ങേറിയത്. ഉദ്ഘാടനം നിർവഹിച്ച ശേഷം സമരപരിപാടിയുടെ ചെലവ് പതിവുപോലെ ഉദ്ഘാടകൻ്റെ കൈയിൽ നിന്നും കവറിൽ വാങ്ങിയശേഷം അധ്യക്ഷനും കൂട്ടാളികളും പരിപാടിക്ക് ആള് കുറഞ്ഞെങ്കിലും വാർത്ത കിട്ടണമെങ്കിൽ എന്തെങ്കിലും തരികിട നമ്പർ ഒപ്പിക്കണമെന്ന് പരസ്പരം അടക്കം പറയുന്നുണ്ടായിരുന്നു. സെക്രട്ടറിയേറ്റ് മാർച്ച് കവർ ചെയ്യാൻ വരണമെന്ന് മുൻകൂട്ടി ക്ഷണിച്ച ഓൺലൈൻ മാധ്യമങ്ങളും ചുരുക്കം ചില പ്രാദേശിക ചാനൽ റിപ്പോർട്ടേഴ്സ് മാത്രമേ അപ്പോഴവിടെ ഉണ്ടായിരുന്നുള്ളൂ. അതിൽ ചില മാധ്യമപ്രവർത്തകർ പരസ്പരം പറയുകയുണ്ടായി വന്നത് വെറുതെയായല്ലോ. 13 പേരുടെ സമരം കവർ ചെയ്യാൻ വന്ന് ഉള്ള സമയം പാഴാക്കിയല്ലോ എന്ന്. ഇതും കൂടി കേട്ടപ്പോൾ സമരക്കാരുടെ സർവ്വ ക്ഷമയും നിയന്ത്രണം വിട്ടു. പരിപാടി അവസാനിച്ചതുകൊണ്ട് തിരികെ പോകുവാൻ കോപ്പുകൂട്ടിയ പോലീസുകാരുടെ നെഞ്ചത്തേക്കായി പിന്നെയുള്ള കലാപരിപാടികൾ. 13 പേരിൽ ചെറുപ്പക്കാരായ എട്ടുപേർ ചേർന്ന് ലാത്തി നിലത്തു കുത്തി ഇവർ ചെയ്യുന്നത് എന്താണെന്ന് വീക്ഷിച്ചുകൊണ്ടിരുന്ന ഒരു സാധാ പോലീസുകാരന്റെ നെഞ്ചത്തേക്ക് ആയിരുന്നു കുതിരകയറ്റം. കാര്യം എന്താണെന്ന് മനസ്സിലാക്കുന്നതിനു മുൻപ് എട്ടുപേർ ചേർന്ന് കനത്ത ശബ്ദത്തിൽ മുദ്രാവാക്യം വിളിക്കുകയും അതിൽ ഒരാൾ വേറൊരു പോലീസുകാരന്റെ തൊപ്പി തട്ടിപ്പറിക്കുകയും ചെയ്തു. ഏറ്റവും രസം പോലീസ് ലാത്തി പൊക്കുന്നതിന് മുമ്പ് തല്ലല്ലേ തല്ലല്ലേ എന്ന് പറഞ്ഞ് അതിലൊരാൾ ബഹളം വയ്ക്കുന്നതാണ്. 50 പോലീസുകാർക്ക് എട്ടുപേർ മാത്രം. രംഗത്തുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർമാരിൽ ഒരാൾ ചുറ്റുമുള്ള പോലീസുകാരോടായി പറഞ്ഞു തല്ലരുത്. തല്ലാൻ പോയിട്ട് തലോടാനുള്ള ആളപോലുമില്ല. ഇവരെ തല്ലിയാൽ നാളെ പോലീസ് മർദ്ദനം എന്നാകും പരിദേവനം. അങ്ങനെ പോലീസിൻറെ ചെലവിൽ ചുളിവിൽ ആളാകേണ്ട കാര്യമില്ലല്ലോ എന്നാൽ അദ്ദേഹം ചിന്തിച്ചത്.. എന്നാൽ പിന്നെ വെള്ളയും വെള്ളയും ഇട്ടു വന്ന മാന്യന്മാരെ ഒന്ന് കുളിപ്പിച്ചു വിടാം എന്നായീ പോലീസെമാൻറെ ചിന്ത. ജലപീരങ്കി പ്രയോഗിക്കാൻ നിർദ്ദേശം കൊടുത്തു. ജീവിതത്തിൽ ഇന്നേവരെ ജലപീരങ്കി പ്രയോഗം ഏറ്റി ട്ടില്ലാത്ത യൂത്തന്മാർ 10 മിനിറ്റോളം ജലപീരങ്കിയുടെ പ്രഹരം ഏറ്റ് നടുറോഡിൽ അവശരും വിവശരുമായി. പോലീസുകാർ തന്നെ നടുറോഡിൽ നിന്നും അവരെ എഴുന്നേൽപ്പിച്ച് വണ്ടിയിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. മുദ്രാവാക്യം വിളിക്കാൻ പോയിട്ട് ഏറ്റു നിൽക്കാൻ പോലും കരുത്തില്ലാതെ യൂത്തന്മാർ നിലാവത്ത് അഴിച്ചുവിട്ട കോഴികളെ പോലെ മയങ്ങി നടക്കുന്ന കാഴ്ച സമരത്തിന് സാക്ഷ്യം വഹിച്ച നാട്ടുകാർക്കും പോലീസുകാർക്കും ചുരുക്കം ചില മാധ്യമപ്രവർത്തകർക്കും ചിരിക്കുള്ള വക സമ്മാനിച്ചു . കാണികൾ പ്രതീക്ഷിച്ചത് പോലെ തീപ്പൊരി പ്രതിഷേധം ഒന്നും ആയില്ലെങ്കിലും ഓർത്തു ചിരിക്കാനുള്ള ഒന്നായത് മാറി . സമരത്തിൽ പങ്കെടുത്ത ജോസഫ് വിഭാഗം യൂത്തന്മാർക്ക് സെക്രട്ടറിയേറ്റ് മാർച്ച് എന്ന് കേൾക്കുമ്പോൾ ഇനി എന്തായാലും ഒരു രോമാഞ്ചഫിക്കേഷൻ ഉണ്ടാകും എന്നത് തീർച്ചയാണ്. തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് മഴക്കാലത്ത് പതം പറഞ്ഞ് ചിരിക്കാൻ ഒരു വ്യത്യസ്തമായ സമരക്കഥ കൂടി