18 വർഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത് ജീവനക്കാരി മുങ്ങി; കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്.
തൃശ്ശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടിയുമായി ജീവനക്കാരി മുങ്ങി. കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ് വൻതട്ടിപ്പ് നടത്തി പണവുമായി കടന്നത്.
വലപ്പാട് ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ 18 വർഷത്തോളമായി ജീവനക്കാരിയാണ് ധന്യ. സംഭവത്തില്‍ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
2019 മുതല്‍ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും പല വ്യാജ അക്കൗണ്ടിലേക്കും മറ്റും ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. എകദേശം 20 കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയില്‍ നടന്ന ഓഡിറ്റിങില്‍ വളരെ തന്ത്രപരമായി യുവതി തന്നെ തട്ടിപ്പ് മറച്ചുവെയ്ക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് മറ്റൊരാള്‍ നടത്തിയ ഓഡിറ്റിങിലാണ് തട്ടിപ്പ് നടന്നതായി മനസ്സിലാകുന്നത്. പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. യുവതിക്കായി തെരച്ചില്‍ തുടരുകയാണ്. ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 18 വർഷത്തോളമായി തിരുപഴഞ്ചേരി അമ്ബലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.