Sun. May 19th, 2024

കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

By admin May 8, 2024
Keralanewz.com

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷണർ എ.എ.ഹക്കിം ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂനിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിച്ച്‌ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.

ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂനിറ്റുകളിലും അപേക്ഷ നല്‍കാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച്‌ 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളില്‍ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതിന്മേല്‍ പരാതിയുണ്ടെങ്കില്‍ ഏതൊരാള്‍ക്കും കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് അപ്പീല്‍ നല്കാം. അവിടെനിന്നും വിവരം കിട്ടിയില്ലെങ്കില്‍ വിവരാവകാശ കമീഷനെ സമീപിക്കാം.

മലപ്പുറം ജില്ലയില്‍ സി.ഡി.എസ് യൂനിറ്റുകള്‍ സ്ഥാപിക്കാൻ മുൻകൈപ്രവർത്തനം നടത്തിയിരുന്ന കുളത്തൂർ മൊയ്തീൻ കുട്ടി മാഷിന്റെ അപേക്ഷ തീർപ്പാക്കവേയാണ് എല്ലാ യൂനിറ്റുകളെയും നിയമത്തിന്റെ പരിധിയില്‍ വരുത്തി ഉത്തരവായത്. കുടുംബശ്രീ മിഷന്റെ ഭരണ ഘടന, ഓഫീസ് മെമ്മോറാണ്ടം, ആദ്യ കമ്മറ്റി മിനുട്സ് തുടങ്ങിയ രേഖകള്‍ ചോദിച്ച്‌ 2010 ല്‍ കുടുംബശ്രീയുടെ ആസ്ഥാനത്ത് സമർപ്പിച്ച അപേക്ഷ നിരസിച്ച മിഷന്റെ നടപടി തള്ളിയ കമീഷൻ ഉത്തരവിനെതിരെ കുടുംബശ്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കമീഷന്റെ ഉത്തരവ് സാധൂകരിച്ച കോടതി നിർദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ച കമീഷണർ എ. എ. ഹക്കീം ഹരജി തീർപ്പാക്കിയ വിധിയിലാണ് മുഴുവൻ യൂനിറ്റുകളെയും നിയമത്തിന്റെ പരിധിയിലാക്കി ഉത്തരവായത്.

Facebook Comments Box

By admin

Related Post