Sun. Apr 28th, 2024

സമ്മേളനത്തിലെ കുഞ്ഞായി അനുജ

Keralanewz.com

കൊച്ചി: സംസ്ഥാന സമ്മേളന വേദിയിലെ ബേബിയാണ് ബി. അനുജ. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി. ഇന്നലെ കേരളകൗമുദിയുടെ ഒന്നാം പേജില്‍ വന്ന ചിത്രം അനുജയെ സമ്മേളനത്തിലും നാട്ടിലും പ്രശസ്തയാക്കി.

ഇരുപതുകാരിയായ അനുജ ബാലസംഘം എറണാകുളം ജില്ലാ പ്രസിഡന്റ് എന്ന നിലയിലാണ് പ്രതിനിധിയായത്.

മഹാരാജാസ് കോളേജിലെ ബി.എ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. എളമക്കര പെരുമ്ബോട്ട ബ്രാഞ്ച് കമ്മിറ്റിയംഗം.

ആറാം വയസില്‍ ബാലസംഘം അംഗമായാണ്‌ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്‌. എസ്‌.എഫ്‌.ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ഏരിയ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. മഹാരാജാസ്‌ കോളേജിലുള്‍പ്പെടെ എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ സമരമുഖങ്ങളില്‍ സജീവസാന്നിദ്ധ്യമാണ്.

പ്ളസ് ടുവിന് ഫുള്‍ എ പ്ളസ് വാങ്ങിയാണ് വിജയിച്ചത്. ഡിഗ്രി പരീക്ഷയിലും നല്ല മാര്‍ക്കുണ്ട്. ഇതേ വിഷയത്തില്‍ തന്നെ പി. ജിയില്‍ പഠനം തുടരാനാണ് തീരുമാനം. നല്ല ഗായിക കൂടിയാണ് അനുജ. സമ്മേളനത്തിന്റെ സ്വാഗതഗാന സംഘത്തിലും അംഗമായിരുന്നു.

എറണാകുളം എളമക്കര സ്വാമിപ്പടി റോഡ് അരുണം വീട്ടില്‍ പത്തനംതിട്ട സ്വദേശി ബാബുവിന്റെയും പാലക്കാട്ടുകാരി ബിജുവിന്റെയും രണ്ടാമത്തെ മകളാണ്. ചേച്ചി അനാര്‍ഷ പി.ജി. വിദ്യാര്‍ത്ഥിനിയും ഐ.ടി ജീവനക്കാരിയുമാണ്. ഓഫ്സെറ്റ് പ്രിന്റിംഗ് രംഗത്താണ് ബാബു. അമ്മ ബിജു എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘം ജീവനക്കാരി. അനുജയുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം നിരീശ്വരവാദികളാണ്. ബാബു യുക്തിവാദ പഠനകേന്ദ്രത്തിന്റെ പ്രധാനപ്രവര്‍ത്തകനായിരുന്നു. മഹിളാസംഘം ഏരിയാ കമ്മിറ്റിയംഗവും വില്ലേജ് പ്രസിഡന്റുമാണ് അമ്മ.

മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സമ്മേളനത്തില്‍ പങ്കെടുക്കാനായതിന്റെ ആവേശത്തിലാണ്. പുതിയ അനുഭവം. അംഗീകാരം. മുതിര്‍ന്ന നേതാവായ ആനത്തലവട്ടം ആനന്ദന്‍ ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെടാനായി.

– അനുജ

Facebook Comments Box

By admin

Related Post