Fri. Mar 29th, 2024

ഉമ്മന്‍ചാണ്ടിക്കുള്ള നഷ്ടപരിഹാരം: സിപിഎം അനങ്ങിയില്ല, പണം കെട്ടിവച്ചത് വിഎസിന്റെ മകന്‍

Keralanewz.com

തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വി.എസ്. അച്യുതാന്ദന്‍ നല്‍കിയ മാനനഷ്ടത്തുകയെ ചൊല്ലി സിപിഎമ്മില്‍ വിവാദം.

ഉമ്മന്‍ചാണ്ടിക്ക് വിഎസ് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഉത്തരവിട്ടത്. വിഎസിന് വേണ്ടി അപ്പീല്‍ വേളയില്‍ തുക കെട്ടിവച്ചത് മകന്‍ അരുണ്‍കുമാറാണ്. എന്നാല്‍ സോളാര്‍ കേസ് മുന്‍നിര്‍ത്തി അധികാരത്തില്‍ വന്ന സിപിഎം ഈ തുക നല്‍കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയരുന്നത്.

2013 ആഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേവിഎസ് അഴിമതി ആരോപണം ഉയര്‍ത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്ബനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വിഎസിന്റെ ആരോപണം. 2014 ലാണ് ഉമ്മന്‍ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ സോളാര്‍ സമരം നടത്തി. സെക്രട്ടേറിയറ്റ് വളഞ്ഞ് സിപിഎം രാപകല്‍ സമരം നടത്തി. ആ സമരത്തിന്റെ കൂടി പിന്‍ബലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. ആ നിലയ്ക്ക് വിഎസ് കെട്ടിവയ്‌ക്കേണ്ടി വന്ന തുക പാര്‍ട്ടി നല്‍കണമെന്നും നല്‍കാത്തത് വിഎസിനോട് കാട്ടുന്ന അനീതിയാണെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

അതേസമയം പാര്‍ട്ടി സഹായിച്ചില്ലെന്ന ആരോപണത്തില്‍ കഴമ്ബില്ലെന്ന് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വ്യക്തിപരമായി നടത്തുന്ന എല്ലാ കേസുകളുടെയും ചെലവ് വഹിക്കുന്നത് വിഎസ് തന്നെയാണ്. തുക നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ ആരോപണത്തില്‍ കഴമ്ബില്ലെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post