സഖാവിനരികില്‍ അന്ത്യവിശ്രമം; വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികില്‍ വിഎസ് അസ്ഥികള്‍ പൂക്കുന്ന വലിയ ചുടുകാടിലേക്ക്
ആലപ്പുഴ:അടങ്ങാത്ത സ്വാതന്ത്ര്യദാഹവുമായി സർ സിപിയുടെ പട്ടാളത്തോട് ഏറ്റുമുട്ടി നാടിന്റെ വിമോചന ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച രക്ത നക്ഷത്രങ്ങളുടെ സ്‌മൃതി മണ്ഡപം ഒരുങ്ങി വിപ്ലവ സൂര്യനെ ഏറ്റുവാങ്ങാൻ.
അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാരം ബുധനാഴ്ച്ച ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും. സഖാവിനരികില്‍ അന്ത്യവിശ്രമം. വിഎസ്സിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികില്‍ നടക്കും.
അമേരിക്കൻ മോഡലിനെതിരെയും സ്വതന്ത്ര തിരുവിതാംകൂറിനും വേണ്ടി ജീവൻനല്‍കി പൊരുതിയ പുന്നപ്രയിലെ ധീരന്മാർ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്‌ത ജനനേതാക്കള്‍ എന്നിവർക്കൊപ്പം ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ഇനി വിഎസ് എന്ന സമരേതിഹാസത്തിൻ്റെ സ്മരണകളും അലകടല്‍ പോലെ ആർത്തിരമ്ബും.
പുന്നപ്ര രക്തസാക്ഷികളും പി കൃഷ്‌ണപിള്ള ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്തിയുറങ്ങുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപം കമ്മ്യൂണിസ്റ്റുകാർക്ക് എന്നും ജ്വലിക്കുന്ന ഓർമയാണ്.
ഇത്രയധികം രക്തസാക്ഷികളുടെയും ജനനേതാക്കളുടെയും ഓർമ്മകള്‍ പങ്കിടുന്ന മറ്റൊരു ചരിത്രസ്മാരകവുമില്ലെന്നത് വലിയ ചുടുകാടിനെ വേറിട്ട് നിർത്തുന്നു.
പുന്നപ്ര സമരത്തില്‍ പങ്കെടുത്ത് വെടിയേറ്റ് മരിച്ചവരെയും ഭാഗികമായി ജീവൻനഷ്ടപ്പെട്ടവരെയും വലിയചുടുകാടില്‍ എത്തിച്ചശേഷം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. സർ സിപിയുടെ പട്ടാളത്തിന്റെ വെടിയുണ്ടകളേറ്റ് ചിതറിത്തെറിച്ച രക്തസാക്ഷികളുടെ പച്ചമാംസത്തിന്റെ ഗന്ധം ഇപ്പോഴും അലയടിക്കുന്നുണ്ട് ഈ വിപ്ലവഭൂമിയില്‍.
സിപിഐ സംസ്ഥാന സെക്രട്ടറിമാരായിരുന്ന പി കൃഷ്ണപിള്ള, എം എൻ ഗോവിന്ദൻനായർ, എസ് കുമാരൻ, സി കെ ചന്ദ്രപ്പൻ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന ആർ സുഗതൻ, ടി വി തോമസ്, പി ടി പുന്നൂസ്, ജോർജ്ജ് ചടയംമുറി, പി കെ ചന്ദ്രാനന്ദൻ, കെ ആർ ഗൗരിയമ്മ, പി കെ പത്മനാഭൻ, ടി വി രമേശ് ചന്ദ്രൻ, എം കെ സുകുമാരൻ, സി ജി സദാശിവൻ, എൻ ശ്രീധരൻ, വി എ സൈമണ്‍ ആശാൻ, കെ സി ജോർജ്, വി കെ വിശ്വനാഥൻ, പി കെ കുഞ്ഞച്ചൻ, കെ കെ കുഞ്ഞൻ, സി കെ കേശവൻ, എം ടി ചന്ദ്രസേനൻ, എസ് ദാമോദരൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഓർമ്മകളും ഈ ചരിത്ര ഭൂമിയെ സമ്ബന്നമാക്കുന്നു.