Tue. Apr 30th, 2024

കേരള ന്യൂസ് സർവ്വേ:7മണ്ഡലങ്ങളിൽ വീതം യു ഡി എഫിനും,എൽ ഡി എഫിനും സാധ്യത.ചാലക്കുടിയിൽ ട്വന്റി – ട്വന്റിക്ക് സാധ്യത.5മണ്ഡലങ്ങളിൽ പൊരിഞ്ഞ പോരാട്ടം.

By admin Apr 5, 2024 #bjp #congress #CPIM
Keralanewz.com

എറണാകുളം:കേരള ന്യൂസും, ഫോക്കസ് കേരളയും സംയുക്തമായി നടത്തിയ സർവ്വേയുടെ ഫലം പുറത്ത്. കഴിഞ്ഞ പ്രാവശ്യം 19 സീറ്റ് നേടിയ യു ഡി എഫിന് അത് നില നിർത്താനാവില്ല എന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വൻ വിജയത്തിനു വഴിയൊരുക്കിയത്. ഇപ്രാവശ്യവും രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കിലും കേരളത്തിൽ യു ഡി എഫ് തരംഗമില്ല എന്നാണ് സൂചന.

സർവ്വേ പ്രകാരം, കാസർഗോഡ്,വയനാട്, കോഴിക്കോട്, പൊന്നാനി, മലപ്പുറം, എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളിൽ യു ഡി എഫിനാണ് മുൻ‌തൂക്കം.

കണ്ണൂർ, വടകര, ആലത്തൂർ, പാലക്കാട്, കോട്ടയം, പത്തനം തിട്ട,മാവേലിക്കര മണ്ഡലങ്ങളിൽ എൽ ഡി എഫ് വിജയക്കൊടി പാറിക്കും എന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.

ചാലക്കുടിയിൽ ട്വന്റി – ട്വന്റി ക്ക് നേരിയ മുൻ‌തൂക്കം സർവ്വേ പ്രവചിക്കുന്നു.

തൃശ്ശൂർ, ഇടുക്കി,കൊല്ലം, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മത്സരം പ്രവചനാതീതമാണ്.

വയനാട് മൂന്ന് ലക്ഷത്തിൽ പരം വോട്ടിന് കഴിഞ്ഞ പ്രാവശ്യം വിജയിച്ച രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയും എന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.സി പി ഐ യുടെ അഖിലേന്ത്യാ നേതാവ് ആനി രാജ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരുടെ വരവാണ് ഭൂരിപക്ഷത്തിൽ ഇടിവ് ഉണ്ടാക്കുന്നത്. ക്രിസ്ത്യൻ വോട്ടുകളും, വനിതാ വോട്ടുകളും കൂടുതലും ഇടതുമുന്നണിയിലെ ആനി രാജക്ക് ലഭിക്കുമെങ്കിലും, മുസ്ലീം വോട്ടുകളിൽ നല്ലൊരു പങ്ക് രാഹുൽ ഗാന്ധിക്ക് തന്നെ ലഭിക്കാനാണ് സാധ്യത.ബി ജെ പി ക്ക് ശക്തമായ അടിത്തറ മണ്ഡലത്തിൽ ഇല്ലാത്തത് സുരേന്ദ്രന്റെ മോഹങ്ങൾക്ക് തിരിച്ചടിയായേക്കുമെന്നാണ് സർവ്വേ സൂചന നൽകുന്നത്.

ബി ജെ പി സ്ഥാനാർഥി കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ, സി പി ഐ യുടെ പന്ന്യൻ രവീന്ദ്രൻ, സിറ്റിംഗ് എം പി കോൺഗ്രസ്സിലെ ശശി തരൂർ എന്നിവർ ഏറ്റുമുട്ടുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണമത്സരം അരങ്ങേറുന്നുണ്ടെങ്കിലും യുവജങ്ങൾക്ക് ഇപ്പോഴും സ്വീകാര്യൻ ശശി തരൂർ തന്നെയാണെന്നും കാര്യങ്ങൾ ശശി തരൂരിന് അനുകൂലമാണെന്നും സർവ്വേ സൂചിപ്പിക്കുന്നു.

കെ പി സി പ്രസിഡണ്ട്‌ കെ സുധാകരന്റെ സിറ്റിംഗ് മണ്ഡലമായ കണ്ണൂർ ഇത്തവണ ഇടതുമുന്നണി തിരികെ പിടിക്കുമെന്നാണ് സർവേയിലെ സൂചന.എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഇടതു മുന്നണി പ്രചാരണത്തിൽ ഇവിടെ വളരെ മുൻപിലാണ്. കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കുകൾ ഇവിടെ യു ഡി എഫിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.മലയോര മേഖലയിൽ ശക്തമായ വേരോട്ടമുള്ള കേരള കോൺഗ്രസ്‌ എം വോട്ടുകൾ ഇവിടെ ഇടതു സ്ഥാനാർഥി എം വി ജയരാജന് തുണയാകും.എൻ ഡി എ സ്ഥാനാർഥിയായി സി രഘുനാഥ്‌ ആണ് മത്സരിക്കുന്നത്.

കോട്ടയത്ത് ഇത്തവണയും എൽ ഡി എഫിലെ തോമസ് ചാഴികാടൻ തന്നെ ജയിക്കും എന്ന് സർവ്വേ സൂചിപ്പിക്കുന്നു.ഇവിടെ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസീസ് ജോർജിന് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചിട്ടില്ല. മണ്ഡലത്തിൽ ജോസഫ് ഗ്രൂപ്പ് സജീവമല്ലാത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.കേരള കോൺഗ്രസ്‌ എം നെ മുന്നണിയിൽ നിന്നും പുറത്താക്കിയതിനാൽ കോൺഗ്രസ് സ്ഥാനാർഥിക്ക് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാമെന്ന് കരുതിയിരുന്ന നിരവധി കോൺഗ്രസ്‌ പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നത് ഫ്രാൻസീസ് ജോർജിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.പല മുന്നണിയും പാർട്ടിയും മാറി മാറി മത്സരിച്ചതും, മണ്ഡലത്തിനു പുറത്തുള്ള സ്ഥാനാർഥി എന്നതും യു ഡി എഫ് സ്ഥാനാർഥിക്ക് വിനയാകുന്നതായി സർവ്വേ സൂചിപ്പിക്കുന്നു.100% ഫണ്ട് ചെലവഴിച്ചതിന്റെ ഖ്യാതിയും,മണ്ഡലത്തിലെ ജനപ്രീതിയും , നാട്ടുകാരൻ എന്നതും ചാഴികാടന് പ്ലസ് പോയിന്റ് ആയി സർവ്വേ എടുത്തു കാട്ടുന്നു.എൻ ഡി എ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിക്കുന്നത്.വോട്ട് നില വർധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ബി ജെ പി.

ഇടുക്കിയിൽ സിറ്റിംഗ് എം പി ഡീൻ കുര്യാക്കോസിന് വെല്ലുവിളിയായി ഇടതു മുന്നണിയിലെ മുൻ എം പി ജോയ്സ് ജോർജ് രംഗത്തുണ്ട്. എൻ ഡി എ സ്ഥാനാർഥിയായി സംഗീത വിശ്വനാഥനും മത്സരിക്കുന്നു.ഇടതുമുന്നണിയും യു ഡി എഫുമായാണ് മത്സരം. കേരള കോൺഗ്രസ്‌ എമ്മിന്റെ മുന്നണി മാറ്റം ഇവിടെ ജോയ്‌സിന് അനുകൂലമാണ് എങ്കിലും മത്സരം പ്രവാചനാതീതമാണ്.

പത്തനംതിട്ടയിൽ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ഇടതു സ്ഥാനാർഥി ഡോ.തോമസ് ഐസക് പ്രചാരണത്തിൽ വളരെ മുൻപിലാണ്.കേരള കോൺഗ്രസ്‌ എമ്മിന്റെ മുന്നണിമാറ്റം എൽ ഡി എഫിന് തുണയാകുന്നുണ്ട്.യു ഡി എഫിനുവേണ്ടി സിറ്റിംഗ് എം പി ആന്റോ ആന്റണിയും ബി ജെ പി ക്കുവേണ്ടി അനിൽ ആന്റണിയും അരയും തലയും മുറുക്കി ഇവിടെ രംഗത്തുണ്ട്. പക്ഷേ ബി ജെ പിയുടെ സ്ഥാനാർഥി നിർണ്ണയത്തിലെ കല്ലുകടി ഇവിടെ പ്രകടമാകുന്നുണ്ട്. പി സി ജോർജിന് സീറ്റ് ലഭിക്കാത്തതിൽ
നീരസമുള്ളവർ ഇവിടെ ഏറെയുണ്ട് എന്ന് സർവ്വേ സൂചന നൽകുന്നു.തോമസ് ഐസക്കിന്റെ വ്യത്യസ്തമായ പ്രചാരണശൈലി ഇവിടെ എൽ ഡി ഫിന് നേട്ടമാകും എന്നും സർവേ സൂചിപ്പിക്കുന്നു.

മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ സിറ്റിംഗ് എം പി യും കോൺഗ്രസ്‌ നേതാവുമായ കൊടിക്കുന്നിൽ സുരേഷ്, ഇടതുമുന്നണിയിൽ സി പി ഐയുടെ സ്ഥാനാർഥി സി എ അരുൺകുമാർ, ബി ഡി ജെ എസ് സ്ഥാനാർഥി ബൈജു കലാശാല എന്നിവർ മാറ്റുരക്കുന്നു.കേരള കോൺഗ്രസ്‌ എമ്മിനും സ്വാധീനമുള്ള മണ്ഡലമാണിത്. ഇവിടെ ഇടതു സ്ഥാനാർഥി മുന്നിലെന്ന് സർവേ സൂചിപ്പിക്കുന്നു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ സിറ്റിംഗ് എം പി അടൂർ പ്രകാശ് കോൺഗ്രസ്‌ സ്ഥാനാർഥിയായും, കേന്ദ്രമന്ത്രി വി മുരളീധരൻ എൻ ഡി എ സ്ഥാനാർഥിയായും, വി ജോയി ഇടതു മുന്നണി സ്ഥാനാർഥിയായും ജനവിധി തേടുന്നു. എന്നും സി പി എമ്മിനോട് ആധിപത്യം പുലർത്തിയിരുന്ന മണ്ഡലത്തിൽ ശക്തനായ വി ജോയിയെ നിർത്തി മണ്ഡലം തിരിച്ചു പിടിക്കാമെന്നു സി പി എം കണക്കു കൂട്ടുന്നു. കേന്ദ്രമന്ത്രി മത്സരിക്കുന്നതിനാൽ ബി ജെ പി യുടേയും പ്രസ്റ്റീജ് മണ്ഡലമാണിത്. ഇവിടെ മൂന്ന് സ്ഥാനാർഥികളും ഒപ്പത്തിനൊപ്പം മുന്നേറുന്നതായി സർവ്വേ സൂചന നൽകുന്നു.

കാസർഗോഡ് മണ്ഡലത്തിൽ കഴിഞ്ഞ പ്രാവശ്യം അപ്രതീക്ഷിത വിജയം നേടിയ രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെയാണ് യു ഡി എഫ് സ്ഥാനാർഥി.ഇടതുമുന്നണി സ്ഥാനാർഥിയായി കരുത്തനായ എം വി ബാലകൃഷ്ണൻ, എൻ ഡി എ സ്ഥാനാർഥിയായി മണ്ഡലത്തിൽ സുപരിചിതയായ എം എൽ അശ്വിനി എന്നിവർ മത്സരിക്കുന്നു. ശക്തമായ ത്രികോണമത്സരം നടക്കുന്ന ഇവിടെ നേരിയ സാധ്യത യു ഡി എഫിനെന്ന് സർവേ സൂചന നൽകുന്നു.

വടകര പാർലമെന്റ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായി കെ കെ ഷൈലജ ടീച്ചറും, യു ഡി എഫ് സ്ഥാനാർഥിയായി ഷാഫി പറമ്പിലും, ബിജെപി സ്ഥാനാർഥിയായി പ്രഭുൽ കുമാറും മാറ്റുരക്കുന്നു.സിറ്റിംഗ് എം പി മുരളീധരൻ തൃശൂർ മണ്ഡലത്തിലേക്കു മാറിയപ്പോഴാണ് ഷാഫിക്ക് നറുക്ക് വീണത്. എന്നാൽ ഇടതുപക്ഷത്തിന്റെ ഈ കോട്ടയിൽ ഷൈലജ ടീച്ചർക്ക് വ്യക്തമായ മുൻ‌തൂക്കം എന്നാണ് സർവ്വേ നൽകുന്ന സൂചന
.
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ സിറ്റിംഗ് എം പി, എം കെ രാഘവൻ,എൽ ഡി എഫ് സ്ഥാനാർഥി പ്രദീപ്‌ കുമാർ എം എൽ എ,എൻ ഡി എ സ്ഥാനാർഥി പ്രകാശ് ബാബു എന്നിവർ ജനവിധി തേടുന്നു.1980 ൽ ഇമ്പിച്ചിബാവ ജയിച്ചതിനുശേഷം സി സിപി എം സ്ഥാനാർഥികൾ ആരും ഇവിടെ ജയിച്ചിട്ടില്ല. എന്നാൽ സിറ്റിംഗ് എം പി ക്കെതിരെ എം എൽ എയെ തന്നെ ഇറക്കി ഇടതുമുന്നണി വൻ പ്രചാരമാണ് നടത്തുന്നത്.എങ്കിലും അല്പം മുൻ‌തൂക്കം കോൺഗ്രസ്‌ സ്ഥാനാർഥിയായ എം കെ രാഘവനെന്ന് സർവേ സൂചിപ്പിക്കുന്നു.

മാമാങ്കത്തിന്റെ നാടും, ലീഗിന്റെ പൊന്നാപുരം കോട്ടയുമായ പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് അബ്ദുൽ സമദ് സമദാനി ആണ്. 50 വർഷത്തെ ഇടവേളക്ക് ശേഷം അരിവാൾ, ചുറ്റിക, നക്ഷത്രം ചിഹ്നത്തിൽ ഒരു പാർട്ടി സ്ഥാനാർഥി മത്സരിക്കുന്നെന്ന പ്രത്യേകതയും ഇവിടുണ്ട്.കെ എസ് ഹംസയാണ് ഇവിടെ സി പി എം സ്ഥാനാർഥി.
ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും ലീഗിന് തന്നെയാണ് മുൻ‌തൂക്കം എന്ന് സർവ്വേ സൂചന നൽകുന്നു.

മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി വി എ വസീഫ്, അരിവാൾ, ചുറ്റിക, നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുമ്പോൾ, കഴിഞ്ഞ പ്രാവശ്യം പൊന്നാനിയിലെ എം പി യായിരുന്ന ഡോ. ഇ.റ്റി മുഹമ്മദ്‌ ബഷീർ ലീഗ് സ്ഥാനാർഥിയായി ജനവിധി തേടുന്നു. മണ്ഡലത്തിൽ പരക്കെ അറിയപ്പെടുന്ന ഡോ. അബ്ദുൽ സലാം ആണ് ഇവിടെ ബി ജെ പി സ്ഥാനാർഥി.ഇത്തവണയും യു ഡി എഫ് സ്ഥാനാർഥിക്കാണ് ജയസാധ്യത എന്ന് സർവ്വേ പറയുന്നു.

ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ സിറ്റിംഗ് എം പി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി അവതരിപ്പിച്ചിരിക്കുന്നത് മന്ത്രി കെ രാധാകൃഷ്ണനെയാണ്. കഴിഞ്ഞ പ്രാവശ്യം കൈ വിട്ട് പോയ തങ്ങളുടെ കോട്ട തിരികെ പിടിക്കുവാൻ ശക്തനായ സ്ഥാനാർഥിയെ തന്നെ സി പി എം രംഗത്തിറക്കി മണ്ഡലത്തിൽ ശക്തമായ പ്രചാരണം നടത്തുന്നു. ബി ജെ പി സ്ഥാനാർഥിയായി ഡോ. റ്റി എൻ സരസു മത്സരിക്കുന്നു. രമ്യ ഹരിദാസിനിവിടെ അടിതെറ്റും എന്ന് സർവേ സൂചന നൽകുന്നു.

പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ സിറ്റിംഗ് എം പി കോൺഗ്രസിലെ വി കെ ശ്രീകണ്ഠനും, ഇടതുമുന്നണിക്കുവേണ്ടി എ വിജയരാഘവനും, ബിജെ പി സ്ഥാനാർഥിയായി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും മത്സരിക്കുന്നു.സി പി എമ്മിന്റെ ഉറച്ച കോട്ടയായിരുന്ന പാലക്കാട് കഴിഞ്ഞ പ്രാവശ്യം പാർട്ടി അപ്രതീക്ഷിതപരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇപ്പോഴത്തെ നിലയിൽ സി പി എം സീറ്റ് തിരിച്ചു പിടിക്കുമെന്ന് സർവ്വേ സൂചിപ്പിക്കുന്നു.

ചാലക്കുടിയിൽ അനായാസ വിജയം കരുതിയിരുന്ന യു ഡി എഫ് സിറ്റിംഗ് എം പി ബെന്നി ബഹനാന് ഇത്തവണ വിജയം ബാലികേറാമല ആണെന്ന് സർവേ സൂചന നൽകുന്നു. എ എ പി യുടെ പിന്തുണയോടെ മത്സരിക്കുന്ന ട്വന്റി – ട്വന്റി സ്ഥാനാർഥി അഡ്വ. ചാർളി പോളും ഇടതു മുന്നണി സ്ഥാനാർഥിയായി മുൻമന്ത്രി സി. രവീന്ദ്രനാഥും .ബി ഡി ജെ എസ് സ്ഥാനാർഥിയായി ഉണ്ണികൃഷ്ണനും രംഗത്ത് വന്നതോടെ ശക്തമായ ചതുഷ്കോണമത്സരമാണ് ഇവിടെ.ട്വന്റി – ട്വന്റി സ്ഥാനാർഥിക്ക് അല്പം മുൻതൂക്കമെന്നാണ് സർവേ നൽകുന്ന സൂചന.

തീ പാറുന്ന മത്സരമാണ് ആലപ്പുഴയിൽ നടക്കുന്നത്.എ ഐ സി സി ജനറൽ സെക്രട്ടറി കെ വേണുഗോപാൽ, സിറ്റിംഗ് എം പി ,എ എം ആരിഫ്, ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ എന്നിവരാണ് ഇവിടെ ജനവിധി തേടുന്നത്. ശോഭ സുരേന്ദ്രന്റെ വരവോടെ ബി ജെ പി പ്രവർത്തകർ നല്ല ആത്മവിശ്വാസത്തിലാണ്. സിറ്റിംഗ് എം പി ആരിഫും തികഞ്ഞ പ്രതീക്ഷയിലാണ്.വേണുഗോപാൽ കൂടി എത്തിയതോടെ ഇവിടെ മൽസരം പ്രവചനാതീതമാണ് എന്നാണ് സർവ്വേ നൽകുന്ന സൂചന.

പൊതുവെ യു ഡി എഫിനോട് കൂറ് പുലർത്തുന്ന എറണാകുളം മണ്ഡലത്തിൽ ഇക്കുറിയും യു ഡി എഫിലെ ഹൈബി ഈഡന് തന്നെ സാധ്യത. ഇടതുമുന്നണിക്കുവേണ്ടി മാറ്റുരക്കുന്ന ശ്രീമതി കെ ജെ ഷൈൻ, ബിജെ പി സ്ഥാനാർഥി കെ എസ് രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. കെ ജെ ഷൈനിന്റെ സ്ഥാനർഥിത്വം വനിതകളുടെ ഇടയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ട് എങ്കിലും ചെറിയ ഭൂരിപക്ഷത്തിന് യു ഡി എഫ് വിജയിക്കുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്.

കൊല്ലത്ത് സിറ്റിംഗ് എം പിയും ആർ എസ് പി നേതാവുമായ എൻ കെ പ്രേമചന്ദ്രൻ യു ഡി എഫിന് വേണ്ടിയും ,സിനിമ നടനും എം എൽ എ യും ആയ മുകേഷ് ഇടതു മുന്നണിക്കുവേണ്ടിയും, സിനിമ നടൻ ജി കൃഷ്ണകുമാർ എൻ ഡി എക്കു വേണ്ടിയും മാറ്റുരക്കുന്ന ഇവിടെ മത്സരം പ്രവചനാതീതമാണ്.

ശക്തമായ ത്രികോണമത്സരം നടക്കുന്ന തൃശ്ശൂരിലും ഫലം പ്രവചനാതീതമാണ്. ഇവിടെ ക്രിസ്ത്യൻ വോട്ടുകൾ എങ്ങോട്ട് മറയും എന്നതിനെ ആശ്രയിച്ചിരിക്കും വിജയം ആർക്കെന്നത്?
നടൻ സുരേഷ് ഗോപി, കോൺഗ്രസ്‌ നേതാവ് കെ മുരളീധരൻ, മുൻ മന്ത്രി സുനിൽകുമാർ ഇവർ മൂന്ന് പേരും മണ്ഡലത്തിൽ സുപരിചിതരാണ് എന്നതും ഒരു പ്രത്യേകതയാണ്.ഇവിടെ മൂന്നുപേരും ഒപ്പത്തിനൊപ്പം മുന്നേറുന്നു എന്ന് സർവേ സൂചിപ്പിക്കുന്നു.

Facebook Comments Box

By admin

Related Post