Sun. Apr 28th, 2024

ജിതിന്റെ ചോദ്യം ചെയ്യൽ തുടരുന്നു; ഡിയോ സ്‌കൂട്ടർ എത്തിച്ച സ്ത്രീയെ സാക്ഷിയാക്കിയേക്കും

By admin Sep 24, 2022 #news
Keralanewz.com

തിരുവനന്തപുരം:  എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.  ജിതിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.  പോലീസിന്റെ പ്രധാന ലക്ഷ്യം എന്ന് പറയുന്നത് എകെജി സെന്‍റര്‍ ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തുകയാണ്. മാത്രമല്ല എകെജി സെന്റർ ആക്രമണത്തിന് നടത്തിയ പദ്ധതിയിൽ കൂടുതൽ പേ‍ർ ഗൂഡാലോചനയിൽ പങ്കെടുത്തിട്ടുണ്ടോയെന്നും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ വിലയിരുത്തൽ.  കൂടാതെ എകെജി സെന്‍റര്‍ ആക്രണത്തിന് മുമ്പ് ജിതിന് സ്കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ജിതിനൊപ്പമിരുത്തി ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്. ഇവരെ  സാക്ഷിയാക്കാനാണ് നീക്കം. സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ ജിതിനെ എകെജി സെന്‍ററില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണണോയെന്ന കാര്യം ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. എകെജി സെന്‍റര്‍ ആക്രണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്

നിലവിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെയുള്ളത്.  അതുകൊണ്ടുതന്നെ പ്രതിയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചാണെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്.  ഡിയോ സ്കൂട്ടറിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.  അവിടെ നിന്നും പ്രതി കെഎസ്ഇബി ബോർഡ് വെച്ച കാറിലേക്ക് മാറി. ഈ കാർ കെഎസ്ഇബിക്ക് കരാർ കൊടുത്ത ജിതിന്റെതു തന്നെയാണ്. ജിതിൻ കാറിലേക്ക് യാത്ര മാറ്റുമ്പോൾ ഡിയോ സ്കൂട്ടർ ഓടിച്ചുപോകുന്നത് ജിതിൻറെ സുഹൃത്തായ വനിതയാണ്. ഇവരാണ് സ്കൂട്ടർ എത്തിച്ചതെന്നതിന്‍റെ തെളിവായി ദൃശ്യങ്ങളുണ്ട്.  അതുപോലെ സംഭവ ദിവസം ജിതിൻ ഒന്നരമണിക്കൂറോളം ഗൗരീശപട്ടത്തുണ്ടായിരുന്നുവെന്ന് മൊബൈൽ ടവർ പരിശോധനയിലും തെളിഞ്ഞു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോർമാറ്റ് ചെയ്താണ് ജിതിൻ ഹാജരാക്കിയത്. ഇത്രയൊക്കെ തെളിവുകൾ ക്രൈം ബ്രാഞ്ച് നിരത്തുന്നുണ്ടെങ്കിലും താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും താൻ കുറ്റം സമ്മതിച്ചുവെന്ന് പറയുന്നത് കളവാണെന്നുമാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്

കുറ്റം സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസിന്‍റെ ഭീഷണി. മാത്രമല്ല കൂടെയുള്ളവരെ കേസിൽ കുടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറയുന്നു. ജിതിനെ വൈദ്യ പരിശോധന നടത്താൻ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നശേഷം തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ഇപ്രകാരം പ്രതികരിച്ചത്.   സംഭവം നടന്നത് ജൂൺ 30 ന് 11.30 ഓടെയായിരുന്നു.  എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്.  ബൈക്കിലെത്തിയ ഒരാൾ എ കെ ജി സെന്റിന് നേരെ ബോംബേറിഞ്ഞതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. മാത്രമല്ല ബോംബെറിഞ്ഞതിന് ശേഷം ബൈക്ക് കുന്നുകുഴി ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.  വലിയ സ്‌ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന് പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ ശേഷം ഇത് കോണ്‍ഗ്രസ് അറിയാതെ നടക്കില്ലെന്നും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് കോണ്‍ഗ്രസുകാരെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍  പാര്‍ട്ടി പ്രവര്‍ത്തകര്‍ വികാരങ്ങള്‍ക്ക് അടിമപ്പെടരുതെന്നും ഒരു തരത്തിലുള്ള അക്രമസംഭവങ്ങളുമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രമിക്കണമെന്നും ഇ പി ജയരാജന്‍ പ്രവർത്തരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു

Facebook Comments Box

By admin

Related Post