Mon. Apr 29th, 2024

കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം; സെക്സ് ടൂറിസവും തഴച്ചുവളരുന്നു

By admin Oct 12, 2023
Keralanewz.com

കോഴിക്കോട്: കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളെ അതിജീവിച്ച്‌ കേരളത്തിലെ വിനോദ സഞ്ചാരമേഖല മുന്‍കാലത്തെങ്ങുമില്ലാത്ത വിധം അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്കു കുതിക്കുന്നു.
കോവിഡിനു മുമ്ബുള്ള കാലത്തെ അപേക്ഷിച്ച്‌ കേരളത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റിക്കാര്‍ഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന കേരളത്തില്‍ വിദേശരാജ്യങ്ങളിലേ പോലെ സെക്സ് ടൂറിസവും തഴച്ചുവളരുകയാണെന്നാണ് ടൂറിസം മേഖലയില്‍ നിന്നുള്ളവര്‍തന്നെ നല്‍കുന്ന സൂചനകള്‍.

വിനോദ സഞ്ചാര മേഖലയില്‍ അന്തര്‍ദേശീയതലത്തില്‍ പ്രശസ്തമായ പല സ്ഥലങ്ങളും വളര്‍ന്നുവികസിച്ചത് സെക്സ് ടൂറിസത്തിലൂടെയാണെന്ന യാഥാര്‍ഥ്യം കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വില്‍പ്പനയും ഉപഭോഗവും ഈ ആശങ്കയ്ക്ക് അടിവരയിടുന്നു.

കേരളത്തില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഈ വര്‍ഷത്തെ ആദ്യ രണ്ടുപാദത്തിലുമാണ് റെക്കാര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ആറുമാസത്തില്‍ 1,06,83,643 ആഭ്യന്തര സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. 2022 ല്‍ ഇതേ കാലളവില്‍ 88,95,593 സഞ്ചാരികള്‍ മാത്രമായിരുന്നു കേരളത്തിലെത്തിയത്.

2022 അര്‍ധ വര്‍ഷത്തെ അപേക്ഷിച്ച്‌ 2023 അര്‍ധ വര്‍ഷത്തില്‍ 20.1 ശതമാനമാണ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ധന. കോവിഡിനു മുമ്ബ് അര്‍ധ വാര്‍ഷികത്തില്‍ കേരളത്തില്‍ എത്തിയ പരമാവധി വിനോദ സഞ്ചാരികളുടെ എണ്ണം 89.64 ലക്ഷമായിരുന്നു.

ഈ വര്‍ഷം ആദ്യ ആറ് മാസത്തില്‍ 2,87,730 വിദേശ വിനോദ സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചതായാണ് കണക്ക്. 2022-ല്‍ ആദ്യ ആറുമാസം കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളേക്കാള്‍ 171.55 ശതമാനം വര്‍ധനവാണ് ഈ വര്‍ഷത്തെ ആദ്യ ആറുമാസ കാലയളവിലുണ്ടായത്. 2020-ല്‍ 11,335.96 കോടിയായിരുന്നു വിനോദ സഞ്ചാര മേഖലയിലെ വരുമാനം. 2021ല്‍ ഇത് 12,285.91 കോടിയായി. 2022-ല്‍ 35168.42 കോടിയായി കുതിച്ചുയര്‍ന്നു.

നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ ഈ വര്‍ഷം വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനം മുന്‍കാല കണക്കുകളെയെല്ലാം മറികടക്കുമെന്നാണ് സൂചന. സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു കഴിയാനുള്ള നിയമതടസം മാറിയതോടെ വിദ്യാര്‍ഥികളടക്കമുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും നിയമവ്യവസ്ഥ പ്രകാരം തങ്ങള്‍ നിസഹായരാണെന്നും റിസോര്‍ട്ട്, ഹോംസ്റ്റേ ഉടമകള്‍ പറയുന്നു.

മലബാറിലെ ആഭ്യന്തര വിനോദ സഞ്ചാരികളില്‍ ഏറെയും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ആഴ്ചാവസാനം മലബാറിലെ സുഖവാസ കേന്ദ്രങ്ങളില്‍ തമ്ബടിക്കുന്ന സഞ്ചാരികളേറെയും ഇതര സംസ്ഥാനങ്ങളിലെ യുവമിഥുനങ്ങളാണ്.

ആയുര്‍വേദ ചികിത്സ, ഹൗസ്ബോട്ടുകള്‍ എന്നിവയുടെ മറവിലും കേരളത്തിലും സെക്സ് ടൂറിസം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ചില സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

കേരളം സെക്സ് ടൂറിസത്തിന്‍റെ പിടിയിലാണെന്ന് സാമൂഹിക പ്രവര്‍ത്തകയും അന്വേഷി പ്രസിഡന്‍റുമായ കെ. അജിത മനാമയിലെ ഒരു സ്വകാര്യ ചടങ്ങില്‍ തുറന്നടിച്ചത് ഏതാനും മാസങ്ങള്‍ക്കു മുമ്ബാണ്.

Facebook Comments Box

By admin

Related Post