Sun. Apr 28th, 2024

തൃശൂരില്‍ ബി.ജെ.പി- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; പോലീസ് ലാത്തിവീശി

By admin Jan 4, 2024
Keralanewz.com

തൃശ്ശൂര്‍: തൃശൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ തേക്കിന്‍കാട് മൈതാനിയിലെ മരങ്ങള്‍ മുറിച്ചു മാറ്റിയതിനെതിരേ പ്രതിഷേധ സമരം നടത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നായ്ക്കനാലില്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു വഴിവെച്ചത്.

രാവിലെ പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വടികളുമായെത്തിയ ബി.ജെ.പിക്കാര്‍ തടഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍.പ്രസാദ്, രഘുനാഥ് സി. മേനോന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയവരാണ് പ്രതിഷേധ സമരം നടത്താനെത്തിയവരെ തടഞ്ഞത്. സംഘര്‍ഷത്തില്‍ ഒരു ബി.ജെ.പി. പ്രവര്‍ത്തകന് പരുക്കേറ്റു.

പോലീസെത്തി സംഘര്‍ഷം തടയാന്‍ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തില്‍ വിജയിച്ചില്ല. ഇരുകൂട്ടരും നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യവും പോര്‍വിളിയും നടത്തി. പോലീസ് ഇടയ്ക്ക് കയറി ഇരുകൂട്ടരേയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൈതാനിയില്‍ പ്രവേശിക്കുന്നത് പോലീസ് ബാരിക്കേഡ് വച്ച്‌ തടഞ്ഞു.

 പ്രധാനമന്ത്രി തിരിച്ചു പോയതിനുശേഷം തുറന്ന നായകനാലിലേക്കുള്ള പ്രവേശന കവാടം സംഘര്‍ഷത്തെ തുടര്‍ന്ന് വീണ്ടും പോലീസ് ബാരിക്കേഡ് വച്ച്‌ അടച്ചപ്പോള്‍

സംഘര്‍ഷ സ്ഥലത്തേക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ ഇവരെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസും സ്ഥലത്തെത്തി. അതിനിടെ, മോദി പ്രസംഗിച്ച വേദിക്ക് പുറത്ത് സ്വരാജ് റൗണ്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലില്‍ എത്തി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുകയാണ്.

ഇപ്പോഴും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല പ്രധാനമന്ത്രി പ്രസംഗിച്ച നായ്ക്കനാലിലെ വേദിക്ക് പിന്നിലാണ് സംഘര്‍ഷം ഉണ്ടായത് യൂത്ത് കോണ്‍ഗ്രസ് കെഎസ് യു പ്രവര്‍ത്തകരെ നീക്കിയെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ അവിടെ തമ്ബടിച്ചിരിക്കുകയാണ് പോലീസ് സനാഹവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി തിരിച്ചു പോയതിനുശേഷം തുറന്ന നായകനാലിലേക്കുള്ള പ്രവേശന കവാടം സംഘര്‍ഷത്തെ തുടര്‍ന്ന് വീണ്ടും പോലീസ് അടച്ചു

Facebook Comments Box

By admin

Related Post