Mon. Apr 29th, 2024

കരുവന്നൂര്‍ ബാങ്കിലെ 25 രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നതായി ഇ ഡി

By admin Jan 16, 2024
Keralanewz.com

സിപിഎമ്മിന്റെ കരുവന്നൂര്‍ ബാങ്കിലെ 25 രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നതായി ഇഡി.

വൻതോതില്‍ ഇതുപയോഗിച്ച്‌ സ്വത്തുക്കളും വാങ്ങിക്കൂട്ടി. മന്ത്രി പി രാജീവ് അടക്കമുളളവര്‍ വ്യാജ ലോണുകള്‍ നല്‍കാൻ സമ്മര്‍ദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.

ബാങ്കിന്റെ പ്രവര്‍ത്തനങ്ങളത്രയും മൊത്തത്തില്‍ നിയമവിരുദ്ധമാണ്. വ്യാജ ലോണുകളും സ്വര്‍ണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്യമമമുണ്ട്. ഇതെല്ലാം നടന്നത് ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂ‍ര്‍ണമേല്‍നോട്ടത്തിലാണ്. പല ജീവനക്കാരെയും നോക്കുകുത്തികളാക്കിയത് രാഷ്ടീയ നേതാക്കള്‍ വൻ തട്ടിപ്പ് നടത്തിയതെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. സിപിഎമ്മിന്‍റെ കോടികളുടെ ഇടപാടുകള്‍ക്കായി കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. വിവിധ ഏരിയ , ലോക്കല്‍ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോണ്‍ഫറൻസ് സുവനീര്‍ അക്കൗണ്ട്, ബില്‍ഡിങ് ഫണ്ട് എന്നൊക്കെയുള്ള പേരുകളിലായിരുന്നു കളളപ്പണ ഇടപാട് നടത്തിയതെന്നും ഇഡി വ്യക്തമാക്കുന്നു.

പ്രത്യേകം മിനിറ്റ്സ് ബുക്കും സിപിഎം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകള്‍ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച്‌ ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകള്‍ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോ‍ര്‍ട്ടിലുണ്ട്. കരുവന്നൂ‍ര്‍ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹര്‍ജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.

Facebook Comments Box

By admin

Related Post