Mon. Apr 29th, 2024

‘പെട്ടെന്നുള്ള വളവും തിരിവും ഓടിച്ചു കാണിക്കണം’; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം

By admin Feb 23, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ സമഗ്ര പരിഷ്‌കാരം. ലൈസൻസ് അപേക്ഷകർ രണ്ട് രൂപത്തില്‍ പാർക്ക് ചെയ്തും കയറ്റത്തില്‍ നിർത്താതെ വാഹനമോടിച്ചും കാണിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ ഇറക്കി.

മാറ്റങ്ങള്‍ മെയ് മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിക്കുമെന്നായിരുന്നു ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെബി ഗണേഷ്കുമാറിന്റെ അദ്യ പ്രഖ്യാപനം. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട്‌ പരിശോധിച്ചാണ് പരിഷ്ക്കാരങ്ങള്‍ വരുത്തിയത്.

നേരത്തെ കാറിന്റെ ലൈസൻസിന് എച്ച്‌ എടുത്താല്‍ മാത്രം മതിയായിരുന്നു. ഇനി മുതല്‍ എച്ച്‌ മാത്രം മതിയാകില്ല. ആംഗുലാര്‍ പാര്‍ക്കിങ്‍, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തുന്നതും പുറകോട്ട് എടുക്കുന്നതും കൂടി ഗ്രൗണ്ട് ടെസ്റ്റില്‍ ഉള്‍പ്പെടുത്തി. റോഡ് ടെസ്റ്റ് ഗ്രൗണ്ടിലെടുക്കാതെ റോഡില്‍ തന്നെ നടത്തണമെന്നും നിർദേശം ഉണ്ട്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കൈ കൊണ്ട് ഗിയര്‍ പ്രവര്‍ത്തിപ്പിക്കുന്ന വാഹനത്തിന് പകരം കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കി. കാര്‍ ലൈസന്‍സ് എടുക്കാന്‍ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്‌ട്രിക് വാഹനം എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിങ് സ്കൂളുകള്‍ കൊണ്ടുവരുന്ന വാഹനത്തില്‍ ഡാഷ്ബോര്‍ഡ് ക്യാമറ ഉണ്ടായിരിക്കണം. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനത്തില്‍ ഡ്രൈവിങ് പരിശീലിപ്പിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. അതേസമയം പരിഷ്ക്കരിച്ച ടെസ്റ്റ് നടത്താനുള്ള ഗ്രൗണ്ട് എങ്ങനെ തയ്യാറാക്കും എന്നതില്‍ വ്യക്തത വന്നിട്ടില്ല.

നിർദേശങ്ങള്‍ ഇങ്ങനെ,

  • കാല്‍ കൊണ്ട് ഗിയര്‍‌ മാറ്റുന്ന ഇരുചക്ര വാഹനത്തില്‍ വേണം ടെസ്റ്റ് നടത്താൻ.
  • 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ പരിശീലനം പാടില്ല.
  • ഓട്ടോമാറ്റിക് ഗിയര്‍, ഇലക്‌ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്.
  • ഡ്രൈവിങ് ടെസ്റ്റിലെ ഗ്രൗണ്ട് ടെസ്റ്റിലും പരിഷ്കാരം
  • പ്രതിദിനം ഒരു എംവിഐയുംഎഎംവിഐയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി.
  • ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം.
  • ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന കാറില്‍ ‍ഡാഷ്ബോര്‍ഡ് ക്യാമറ, വിഎല്‍ടിഡി എന്നിവ ഘടിപ്പിക്കണം
  • ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസായവരാകണം
  • രണ്ട് രൂപത്തില്‍ പാർക്ക് ചെയ്ത്‌ കാണിക്കണം
  • കയറ്റത്ത് പിറകോട്ട് പോകാതെ വാഹനം ഓടിക്കണം
  • പെട്ടന്നുള്ള വളവും തിരിവും ഓടിച്ചു കാണിക്കണം
Facebook Comments Box

By admin

Related Post