Mon. Apr 29th, 2024

പ്രതീക്ഷിത ഒഴിവുകള്‍ 30നകം റിപ്പോര്‍ട്ട്‌ ചെയ്യണം; ഉദ്യോഗാര്‍ഥികളെ ചേര്‍ത്തുപിടിച്ച്‌ സര്‍ക്കാര്‍

By admin Oct 21, 2021 #psc ranklist
Keralanewz.com

തിരുവനന്തപുരം > വിവിധ വകുപ്പുകളിലെ മുഴുവന്‍ പ്രതീക്ഷിത ഒഴിവുകളും 30നകം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ കര്‍ശനനിര്‍ദേശം. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ വിവിധ തസ്തികകളിലുണ്ടാകുന്ന ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വീഴ്ച വരുത്തിയാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും.

ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില വകുപ്പുകള്‍ വീഴ്ചവരുത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. സംസ്ഥാനതല റിക്രൂട്ട്മെന്റ് ഒഴിവുകള്‍ അതത് വകുപ്പ് അധ്യക്ഷര്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാതല റിക്രൂട്ട്മെന്റ് തസ്തികയില്‍ ജില്ലാ ഓഫീസര്‍മാര്‍ അറിയിക്കണം. ഒഴിവുകള്‍ കണക്കാക്കുമ്ബോള്‍ തസ്തിക മാറ്റനിയമനം, അന്തര്‍ ജില്ലാ, അന്തര്‍ വകുപ്പ് സ്ഥലം മാറ്റം, ആശ്രിത നിയമനം, മറ്റ് നിയമനങ്ങള്‍ എന്നിവയ്ക്കുള്ള ഒഴിവുകള്‍ നീക്കിവയ്ക്കണം. ഒഴിവ് ഇല്ലെങ്കില്‍ അക്കാര്യവും പിഎസ്സിയെ അറിയിക്കണം. റാങ്ക് പട്ടിക നിലവിലുള്ള ഒരു തസ്തികയിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ദിവസക്കൂലി, കരാര്‍ നിയമനം പാടില്ല. റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം, സ്ഥലം മാറ്റം എന്നിവയിലൂടെ നികത്തരുത്.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍
● ആറ് മാസമോ അതിലധികമോ ഉള്ള അവധി ഒഴിവുകളും ഡെപ്യൂട്ടേഷന്‍ ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യണം

● മൂന്ന് മുതല്‍ ആറ് മാസംവരെയുള്ള അവധി ഒഴിവ് ദീര്‍ഘകാലമാകാനും ആ സമയത്ത് പുതിയ ഒഴിവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെങ്കില്‍ അവ റിപ്പോര്‍ട്ട് ചെയ്യണം

● -ആറ് മാസംവരെയുള്ള പ്രസവാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. പ്രസവാവധി ആറ് മാസത്തിലധികം നിലനില്‍ക്കാനും പുതിയ ഒഴിവുകള്‍ അക്കാലയളവില്‍ ഉണ്ടാകാനും സാധ്യതയുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം.

● ജോലിയില്‍ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന (എന്‍ജെഡി ) ഒഴിവുകളെല്ലാം നിര്‍ദിഷ്ട സമയം കഴിഞ്ഞയുടന്‍ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യും മുമ്ബ് പ്രവേശന സമയം ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം

● ഒഴിവ് നിലവില്‍ വരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണം

● സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് മാറ്റിവച്ചതും ജനറല്‍ – റിക്രൂട്ട്മെന്റിനുള്ള ഒഴിവുകളും പ്രത്യേകമായി റിപ്പോര്‍ട്ട് – ചെയ്യണം.

Facebook Comments Box

By admin

Related Post